ക്ഷീരശ്രീ പോർട്ടൽ വിജയകരം

കേരളത്തിലെ ക്ഷീരകർഷകർക്ക് മിൽക്ക് ഇൻസെന്റീവ് സബ്‌സിഡി ഓണത്തിനു മുൻപ് നൽകുമെന്ന മന്ത്രിയുടെ ജെ. ചിഞ്ചുറാണിയുടെ  പ്രഖ്യാപനം ഫലപ്രാപ്തിയെത്തി. കേരളത്തിലെ  3600 ഓളം ക്ഷീരസംഘങ്ങളിൽ പാൽ നൽകുന്ന 1.97 ലക്ഷം കർഷകർക്കാണ് ലിറ്റർ ഒന്നിന് നാല് രൂപ നിരക്കിൽ മിൽക്ക് ഇൻസെന്റീവ് സ്‌കീം നടപ്പിലാക്കിയത്.

ക്ഷീരവികസന വകുപ്പിൽ നിന്നും ഒരു രൂപയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് മൂന്ന് രൂപയും ചേർത്ത് നാല് രൂപ നൽകുവാൻ ആയിരുന്നു ആദ്യം തീരുമാനം. എന്നാൽ കാലതാമസം ഒഴിവാക്കുന്നതിനായി ക്ഷീര വികസന വകുപ്പിന്റെ പദ്ധതിവിഹിതത്തിൽ നിന്നുതന്നെ ലിറ്റർ ഒന്നിന് നാലു രൂപ നിരക്കിൽ സബ്‌സിഡി നൽകാൻ സർക്കാർ തീരുമാനിക്കുകയും ഓണത്തിനു മുമ്പ് തന്നെ ഇത് നൽകാൻ ക്ഷീരവികസന വകുപ്പിന് സർക്കാർ നിർദ്ദേശം നൽകുകയാണുമുണ്ടായത്. 2022 ജൂലൈ മാസം ക്ഷീരസംഘങ്ങളിൽ പാൽ നൽകിയ ക്ഷീര കർഷകർക്കാണ് പദ്ധതി പ്രകാരമുള്ള ഈ ആനുകൂല്യം ലഭിച്ചത്. ഓഗസ്റ്റ് 15ന് ക്ഷീരശ്രീ പോർട്ടൽ മുഖേന ക്ഷീര കർഷക രജിസ്‌ട്രേഷൻ തുടങ്ങുകയും ഒരാഴ്ചയ്ക്കകം തന്നെ രണ്ടു ലക്ഷത്തിൽ പരം ക്ഷീരകർഷകരെ പോർട്ടലിൽ രജിസ്റ്റർ ചെയ്യിക്കുവാനും വകുപ്പിന് സാധിച്ചു. ക്ഷീരശ്രീ പോർട്ടൽ മുഖേനയാണ് പദ്ധതിക്ക് ആവശ്യമായ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയതും പരിശോധന നടത്തിയതും ബില്ല് മാറിയതും ഈ ആനുകൂല്യം ക്ഷീരകർഷകർക്ക് തങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ ക്രഡിറ്റ് ആവുകയും ചെയ്തത്. ക്ഷീര സഹകരണ സംഘങ്ങളും അക്ഷയ കേന്ദ്രങ്ങളും ക്ഷീരവികസന യൂണിറ്റ് ഓഫീസുകളും വകുപ്പിലെ എല്ലാ ഉദ്യോഗസ്ഥരും സഹകരിച്ച് പ്രവർത്തിച്ചു. കർഷക രജിസ്‌ട്രേഷൻ പൂർത്തിയാക്കിയതിനു ശേഷം ക്ഷീര സംഘങ്ങൾക്ക് ലോഗിൻ നൽകുകയും കർഷകർ സംഘത്തിൽ അളന്ന പാലിന്റെ വിവരങ്ങൾ ശേഖരിക്കുകയും അത് ക്ഷീരവികസന യൂണിറ്റിൽ പരിശോധിക്കുകയും ട്രഷറി മുഖേന ബില്ല് മാറി കർഷകർക്ക് തങ്ങളുടെ അക്കൗണ്ടിലേക്ക് സബ്‌സിഡി നൽകുകയും ആണ് ഉണ്ടായത്. ഇതുവരെ ഒന്നരലക്ഷം കർഷകർക്ക് സബ്‌സിഡി നൽകിക്കഴിഞ്ഞു. പദ്ധതി വിഹിതം പൂർത്തിയാകും വരെ കർഷകർക്ക് ആനുകൂല്യം നൽകും. ഇതിനുവേണ്ടി അഹോരാത്രം പരിശ്രമിച്ച എല്ലാ ഉദ്യോഗസ്ഥർക്കും സംഘങ്ങൾക്കും ക്ഷീരശ്രീ പോർട്ടൽ രൂപകൽപ്പന ചെയ്ത NIC ക്കും ക്ഷീര വികസനവകുപ്പിലെ എല്ലാ ഉദ്യോഗസ്ഥർക്കും അക്ഷയക്കും മന്ത്രി അനുമോദനം അറിയിച്ചു. കർഷകർക്ക് സമയബന്ധിതമായി സബ്‌സിഡി നൽകുന്നതിലേക്കായി ക്ഷീര വികസന വകുപ്പിന്റെ അപേക്ഷ പരിഗണിച്ച് ധനകാര്യ വകുപ്പും ട്രഷറിയും തങ്ങളുടെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിരുന്നു. ഓണത്തിന് മുൻപ് തന്നെ ക്ഷീരകർഷകർക്ക് ആനുകൂല്യം നൽകാൻ സാധിച്ചതിൽ ചാരിതാർത്ഥ്യം ഉണ്ടെന്നും മന്ത്രി പറഞ്ഞു. തുടർന്നും വകുപ്പിന്റെ എല്ലാ ആനുകൂല്യങ്ങളും ക്ഷീരശ്രീ പോർട്ടൽ മുഖേന തന്നെ സുതാര്യമായും കാര്യക്ഷമമായും നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.