ആശങ്കയകറ്റാൻ വാക്സിന്റെ ഗുണനിലവാരം വീണ്ടും പരിശോധിക്കണമെന്ന് ആവശ്യം

കേന്ദ്ര ആരോഗ്യ മന്ത്രിയ്ക്ക് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് കത്തയച്ചു. പേവിഷബാധ പ്രതിരോധ വാക്സിന്റെ ഗുണനിലവാരം വീണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്. കേന്ദ്ര ഡ്രഗ്സ് ആന്റ് കോസ്മെറ്റിക്സ് ആക്ട് പ്രകാരം വാക്സിന്റെ ഗുണനിലവാരം ഉറപ്പ് വരുത്തി സർട്ടിഫിക്കറ്റ് നൽകുന്നത് കേന്ദ്ര ഡ്രഗ് ലബോറട്ടറിയാണ്. കേന്ദ്ര ഡ്രഗ്സ് ലബോറട്ടറിയിൽ പരിശോധിച്ച് ഗുണനിലവാര സർട്ടിഫിക്കറ്റ് ലഭ്യമായ വാക്സിനും സെറവുമാണ് നായ്ക്കളിൽ നിന്നുള്ള കടിയേറ്റ് ആശുപത്രികളിൽ എത്തിയവർക്കും മരണമടഞ്ഞ 5 പേർക്കും നൽകിയത്. വാക്സിൻ നൽകിയിട്ടും പേവിഷബാധ മരണം സംഭവിച്ചത് കാരണം പൊതുജനങ്ങളിൽ ആശങ്കയുണ്ടെന്നും മന്ത്രി അറിയിച്ചു.

ഉപയോഗിച്ച വാക്സിന്റെയും സെറത്തിന്റേയും കേന്ദ്ര ലാബിന്റെ ഗുണനിലവാര സർട്ടിഫിക്കറ്റും ബാച്ച് നമ്പരും ഉൾപ്പെടെയാണ് മന്ത്രി കത്തയച്ചത്. കെ.എം.എസ്.സി.എൽ-നോട് വീണ്ടും വാക്സിൻ പരിശോധനയ്ക്കയ്ക്കാൻ സംസ്ഥാന ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. പൊതുജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് പരിശോധന വേഗത്തിലാക്കാൻ നിർദേശം നൽകണമെന്നും മന്ത്രി കത്തിലൂടെ ആവശ്യപ്പെട്ടു.