കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരായ ജനങ്ങൾക്ക് സമഗ്രമായ പിന്തുണയും സുരക്ഷിതമായ ഭാവിയും ഉറപ്പാക്കുന്ന പദ്ധതികളാണ് സംസ്ഥാന സർക്കാർ നടപ്പാക്കിവരുന്നത്. ചികിത്സാ സൗകര്യങ്ങൾ, സാമ്പത്തികസഹായം, സാമൂഹിക സുരക്ഷാ പദ്ധതികൾ എന്നിവയിലൂടെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് സർക്കാർ കൈത്താങ്ങാണ്. എൻഡോസൾഫാൻ ദുരിതബാധിതരുടെ സമഗ്ര പുനരധിവാസത്തിനായി കാസർഗോഡ് ജില്ലയിൽ ആരംഭിച്ച ‘സഹജീവനം സ്‌നേഹഗ്രാമം’ പുനരധിവാസ ഗ്രാമത്തിന്റെ ഒന്നാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് പ്രവർത്തനമാരംഭിച്ചു.
ദുരിതബാധിതർക്ക് സാമ്പത്തികഭാരം കുറയ്ക്കാനും സാമൂഹിക സുരക്ഷ ഉറപ്പാക്കാനും സർക്കാർ 2016 മുതൽ 2023 വരെ കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതർക്കായി 456,19,38,884 രൂപ ചെലവഴിച്ചു. ദുരിതബാധിതരുടെ കുടുംബങ്ങളുടെ റേഷൻ കാർഡ് മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെടുത്തി. ഈ കുടുംബങ്ങളുടെ 3 ലക്ഷം രൂപ വരെയുള്ള കടബാധ്യതകൾ നിബന്ധനകൾക്ക് വിധേയമായി എഴുതിത്തള്ളുന്നുണ്ട്.
ഭവന, ഭൂരഹിതരായ എൻഡോസൾഫാൻ ദുരിതബാധിതർക്ക് ഭവന പദ്ധതിയുമുണ്ട്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയുള്ള നിയമനങ്ങൾക്ക് ദുരിതബാധിതർക്ക് 10 വർഷത്തെ വയസ്സിളവ് നൽകുന്നു. എൻഡോസൾഫാൻ ദുരിതബാധിതരുടെ കുടുംബങ്ങൾക്ക് വൈദ്യുതി ബില്ലിൽ ഇളവ് ഉറപ്പാക്കി.
എല്ലാ സർക്കാർ ആശുപത്രികളിലും ദുരിതബാധിതർക്ക് സൗജന്യ ചികിത്സയും ലാബ് പരിശോധനകളും ഉറപ്പാക്കി. എംപാനൽ ചെയ്തിട്ടുള്ള 17 സർക്കാർ/സ്വകാര്യ സ്‌പെഷ്യലിസ്റ്റ്/സൂപ്പർസ്‌പെഷ്യലിസ്റ്റ് ആശുപത്രികൾ മുഖേന സൗജന്യ സ്‌പെഷ്യലിസ്റ്റ്/സൂപ്പർ സ്‌പെഷ്യലിസ്റ്റ് സേവനങ്ങളും ലഭ്യമാക്കുന്നു. സർക്കാർ ആശുപത്രികളിൽ ലഭ്യമായ മരുന്നുകൾ സൗജന്യമായും, ലഭ്യമല്ലാത്തവ അതത് ആശുപത്രികളുമായി ധാരണയുള്ള നീതി മെഡിക്കൽ സ്റ്റോറുകൾ മുഖേനയും നൽകുന്നു. ആരോഗ്യകേരളം മുഖേന മൊബൈൽ മെഡിക്കൽ യൂണിറ്റിൻ്റെ സജീവസേവനം എൻഡോസൾഫാൻ മേഖലയിലുണ്ട്.
എൻഡോസൾഫാൻബാധിത മേഖലയിലെ 11 പഞ്ചായത്തുകളിൽ സൗജന്യ ഫിസിയോതെറാപ്പി സേവനവും പാലിയേറ്റീവ് പരിചരണവും ഉറപ്പാക്കുന്നുണ്ട്. എൻഡോസൾഫാൻ ദുരിതബാധിതരുടെ ജീവിതത്തിൽ പ്രതീക്ഷയും ആശ്വാസവും പകർന്ന്, അവരുടെ ക്ഷേമത്തിനും പുനരധിവാസത്തിനുമായുള്ള പ്രവർത്തനങ്ങളിലാണ് സർക്കാർ.
കരുത്തോടെ കേരളം- 85