ഒന്നാം സ്ഥാനം പുത്തൻ പറമ്പിലിനും (സൺ റെയ്സ് ഒരുമനയൂർ) ചെറിയ പണ്ഡിതനും (ബ്ലാക്ക് ഹോഴ്സ് നടുവിൽക്കര). ഇഞ്ചോടിഞ്ച് മത്സരം കാഴ്ചവച്ച എപിജെ അബ്ദുൽകലാം റോളിംഗ് ട്രോഫി ജലോത്സവത്തിൽ പുത്തൻ പറമ്പിൽ (സൺറൈസ് ഒരുമനയൂർ) എ ഗ്രേയ്ഡ് വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഗോതുരുത്ത് പുത്രൻ (വടക്കൽ ന്യൂ ബ്രദേഴ്സ് നാവിൽക്കര) ആണ് രണ്ടാം സ്ഥാനം.

ബി ഗ്രേയ്ഡ് വിഭാഗത്തിൽ ഒന്നാം സ്ഥാനം ചെറിയ പണ്ഡിതൻ (ബ്ലാക്ക് ഹോഴ്സ് നടുവിൽക്കര), രണ്ടാം സ്ഥാനം
മയിപ്പീലി(വിബിസി കല്ലും കടവ്) എന്നിവർ കരസ്ഥമാക്കി. ആവേശം നിറച്ച മത്സരത്തിൽ അവസാനനിമിഷം വരെയും കാണികളും മത്സരാർത്ഥികളും ഒരുപോലെ ആകാംക്ഷയിലായി. പുത്തൻപറമ്പിലും ചെറിയ പണ്ഡിതനും ലക്ഷ്യം കടക്കുംവരെയും കാണികൾ ശ്വാസമടക്കിനിന്നു. എ ഗ്രേഡ്, ബി ഗ്രേഡ് വിഭാഗങ്ങളിലായി 16 ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. വിജയികൾക്കുള്ള സമ്മാനദാനം ജില്ലാ പഞ്ചായത്തംഗം അഡ്വ. മുഹമ്മദ് ഗസാലി നിർവ്വഹിച്ചു.

ജില്ലാ പഞ്ചായത്തും കറുകമാട് കലാസാംസ്കാരിക വേദിയും സംയുക്തമായാണ് ജലോത്സവം സംഘടിപ്പിച്ചത്. കറുകമാട് മുല്ലപ്പുഴ ജലലോത്സവം എൻ കെ അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു. എംഎൽഎയും കറുകമാട് കലാസാംസ്കാരിക വേദി രക്ഷാധികാരി വി അഷറഫും സംയുക്തമായി ജലലോത്സവം ഫ്ലാഗ് ഓഫ് ചെയ്തു.

ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. മുഹമ്മദ് ഗസാലി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മിസിരിയ മുസ്താക്കലി, ബ്ലോക്ക് പഞ്ചായത്ത് അംഗം സുബ്രഹ്മണ്യൻ, കടപ്പുറം പഞ്ചായത്ത് പ്രസിഡൻറ് ഹസീന താജുദ്ദീൻ, വാർഡ് മെമ്പർ ജോഷി ചാണശ്ശേരി, പഞ്ചായത്തംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.