ജില്ലയിലെ ആശാ പ്രവര്‍ത്തകര്‍ക്കുള്ള പത്താംതരം തുല്യതാ കോഴ്‌സിന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്റെ ജില്ലാതല ഉദ്ഘാടനം ആശാ വര്‍ക്കര്‍ എല്‍സി ജയിംസിന് ഓണ്‍ലൈന്‍ രജിസട്രേഷന്‍ നല്‍കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ നിര്‍വഹിച്ചു. ജില്ലയിലെ 62 ആശാ വര്‍ക്കര്‍മാരാണ് പത്താം തരം തുല്യത കോഴ്‌സിന് ചേരുന്നത്. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സ്വയാ നാസര്‍ അധ്യക്ഷത വഹിച്ചു.

നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴില്‍ സേവനമനുഷ്ഠിക്കുന്ന പത്താം ക്ലാസ് വിജയിക്കാത്ത ആശാ പ്രവര്‍ത്തകര്‍ക്ക് പത്താം ക്ലാസ് യോഗ്യത നേടുന്നതിന് നാഷനല്‍ ഹെല്‍ത്ത് മിഷനാണ് സാമ്പത്തിക സഹായം നല്‍കുന്നത്. സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തിലാണ് കോഴ്‌സ് നടത്തുന്നത്. സെപ്റ്റംബര്‍ 17 വരെയാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടക്കുക. ആശ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സജേഷ് ഏലിയാസ്, ഡോ. ശ്രുതി, എബി സ്‌കറിയ, പി.വി ജാഫര്‍, ഷിന്‍സി റോയ്, എം. പുഷ്പലത, ലീല ഷാജന്‍, പി.വി ഗിരിജ, ഗ്ലാഡിസ് കെ പോള്‍ തുടങ്ങിയവര്‍ സംസാരിച്ചു.