പത്തനംതിട്ട: പ്രളയദുരിതബാധിതര്‍ക്ക് കൈത്താങ്ങുമായി പൊലീസ്. ഡി ഐ ജി ഷെഫിന്‍ അഹമ്മദ്, ജില്ലാ പൊലീസ് മേധാവി ടി നാരായണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലയിലെ പൊലീസ് പ്രളയ ബാധിതര്‍ക്ക് ആശ്വാസമേകാന്‍ രാവും പകലുമില്ലാതെ പ്രവര്‍ത്തിക്കുന്നത്. അഡ്മിനിസ്‌ട്രേഷന്‍ ഡിവൈ.എസ്.പി ആര്‍.പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം രക്ഷാപ്രവര്‍ത്തനങ്ങളുടെ ഫീല്‍ഡ് തല ഏകോപനം നിര്‍വഹിക്കുന്നത്. വെള്ളത്തില്‍ കുടുങ്ങിയവരെ രക്ഷിക്കുന്നത് മുതല്‍ ദുരിതാശ്വാസക്യാമ്പില്‍ ഭക്ഷണമെത്തിക്കുന്നത് വരെയുള്ള പ്രവര്‍ത്തനങ്ങളില്‍ പൊലീസ് സേനാംഗങ്ങള്‍ സജീവമാണ്. ജില്ലയുടെ മുക്കാല്‍ പങ്കും വെള്ളത്തിലായിട്ടും അതൊന്നും വക വയ്ക്കാതെ കനത്ത പേമാരിയിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സ്വയം മറന്ന് പ്രവര്‍ത്തിക്കുകയായിരുന്നു ജില്ലാപൊലീസ് സേന. പമ്പയിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നത് മുതല്‍ പമ്പാതീരത്തും ജില്ലയുടെ വിവിധ ഭാഗങ്ങളിലും സി.ഐ മാര്‍ ഉള്‍പ്പെടെയുള്ള സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാര്‍ അതീവ ജാഗ്രതിയിലായിരുന്നു. ദുരന്തനിവാരണത്തിന്റെ ഭാഗമായി പതിനഞ്ചാംതീയതി മുതല്‍ എല്ലാ പൊലീസ് ഓഫീസര്‍മാരും സജീവമായി രംഗത്തുണ്ടായിരുന്നു.  അഡ്മിനിസ്‌ട്രേഷന്റെ ഭാഗമായി താത്കാലിക കണ്‍ട്രോള്‍ റൂമുകള്‍ തുറന്ന് ജില്ലയുടെ വിവിധ ഭാഗത്ത് കുരുങ്ങിക്കിടക്കുന്നവരുടെ വിശദവിവരങ്ങള്‍ ശേഖരിച്ചു. തുടര്‍ന്ന് ആ വിവരങ്ങള്‍ സ്വീകരിച്ച് അതത് സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥന്മാര്‍ക്ക് കൈമാറുകയും ചെയ്തു.  ലഭ്യമായ ബോട്ടുകളും വള്ളങ്ങളും വരുത്തി ഫയര്‍ഫോഴ്‌സിന്റേയും കേന്ദ്രസേനയുടേയും സഹായത്തോടെ വിവിധസ്ഥലങ്ങളില്‍ കുരുങ്ങിക്കിടന്ന ആളുകളെ രക്ഷപ്പെടുത്തി അതാത് ദുരിതാശ്വാസ ക്യാമ്പുകളിലെത്തിച്ചു. രക്ഷാപ്രവര്‍ത്തനങ്ങളില്‍ മാത്രമൊതുങ്ങാതെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണമെത്തിക്കാനും പൊലീസ് സേന മുന്നിട്ടിറങ്ങി. പോലീസ് ഓഫീസര്‍മാരുടെയും അവരുടെ ബന്ധുക്കളുടെയും വിവിധ സന്നദ്ധസംഘടനകളുടേയും ചെറുപ്പക്കാരുടേയും സഹായത്തോടെ ജില്ലയിലെ വിവിധ ക്യാമ്പുകളില്‍ കഴിയുന്ന ദുരിതബാധിതര്‍ക്ക് കൃത്യസമയത്ത് ഭക്ഷണമെത്തിച്ചു. ഭക്ഷണത്തിന് പുറമേ ഇവര്‍ക്ക് വേണ്ട എല്ലാ അവശ്യ സാധനങ്ങളെത്തിക്കുന്നതിലും ഇവര്‍ ശ്രദ്ധ ചെലുത്തി. എത്തിപ്പെടാന്‍ കഴിയാത്ത ദുര്‍ഘടമായ സ്ഥലങ്ങളില്‍ പോലും മരുന്നും  ഭക്ഷണസാധനങ്ങളുമായി ഇവര്‍ എത്തി ആളുകളുടെ ദുരിതത്തിന്  പരിഹാരം കണ്ടെത്തി. മാത്രമല്ല, എസ്.പി.സിയുടെ കുട്ടികളും അവരാല്‍ കഴിയുന്നത് ചെയ്യാന്‍ രംഗത്തെത്തി. ഡിവൈഎസ്.പി അഡ്മിനിസ്‌ട്രേഷന്‍, ലോക്കല്‍ ഓഫീസര്‍മാര്‍, ഡെപ്യൂട്ടി കമാന്‍ഡര്‍ ചാക്കോ, കെ.ഐ.പി തേര്‍ഡ് കമാന്‍ഡന്റ് കെ.ജി സൈമണ്‍ ഐ.പി.എസ്, സബ്ഡിവിഷണല്‍ ഡിവൈഎസ്പിമാരായ ജോസ്, റഫീക്ക്, സന്തോഷ്, സന്തോഷ്‌കുമാര്‍, സുധാകരന്‍പിള്ള, വിദ്യാധരന്‍ എന്നീ ഉദ്യോഗസ്ഥരും കൂടാതെ ജില്ലയിലും പുറത്തും നിന്നുമുള്ള വിവിധ റാങ്ക് ഒഫീഷ്യല്‍മാര്‍ സേവനസന്നദ്ധരായി പല മേഖലകളിലും പ്രവര്‍ത്തിച്ചു വരുന്നു.