ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലെ സേവനത്തിനായി നിയോഗിക്കുന്ന കണ്‍ട്രോള്‍ റൂമായ മെഡിക്കല്‍ ഹബ്ബിലേക്ക് സ്വയംസന്നദ്ധരായി 136 ഡോക്ടര്‍മാരും 64 നഴ്‌സുമാരും എത്തി.  സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരും മെഡിക്കല്‍ ടീമിന്റെ ഭാഗമായി. അടൂരിലെ മെഡിക്കല്‍ ഹബ്ബില്‍ എത്തിയ ഡോക്ടര്‍മാരെ 22 മൊബൈല്‍ യൂണിറ്റുകളായി തിരിച്ച് വിവിധ ക്യാമ്പുകളില്‍ എത്തിച്ചു.
കിടപ്പു രോഗികളെയും ഡയാലിസിസ് പോലുള്ള അതീവ ശ്രദ്ധവേണ്ടുന്നവരെയും വിവിധ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് മാറ്റി.  ഗര്‍ഭിണികളെയും കുട്ടികളെയും പ്രത്യേക നിരീക്ഷണത്തിന് വിധേയമാക്കി. ക്യാമ്പില്‍ പകര്‍ച്ച വ്യാധികള്‍ പിടിപെടാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചു. കൂടാതെ വെള്ളം കയറിയ നാല് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ഒഴികെ ജില്ലയിലെ 39 പ്രാഥമികാരോഗ്യകേന്ദ്രങ്ങളും തുറന്ന് പ്രവര്‍ത്തിച്ചു. ശുചീകരണ      പ്രവര്‍ത്തനങ്ങള്‍ക്കുള്ള ബ്ലിച്ചിങ് പൗഡര്‍ അടക്കമുള്ള സാധന സാമഗ്രികള്‍ ആവശ്യത്തിന് സ്റ്റോക്ക് ചെയ്തിട്ടുണ്ട്.  മൂന്ന് ടണ്‍ ബ്ലീച്ചിങ് പൗഡര്‍ ഇന്നെത്തും. നിലവില്‍ മൂന്ന് ടണ്‍ ബ്ലിച്ചിങ് പൗഡര്‍ സ്റ്റോക്കുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യ വകുപ്പ്  പദ്ധതിയിട്ടിട്ടുള്ളത്.  മെഡിക്കല്‍ ഹബ്ബിലേക്ക് കൂടുതല്‍ ഡോക്ടര്‍മാര്‍ ഉടന്‍ എത്തിച്ചേരുമെന്ന് ഡിഎംഒ ഡോ.എ.എല്‍.ഷീജയും എന്‍ എച്ച് എം പ്രൊജക്ട് മാനേജര്‍ ഡോ. എബി സുഷനും പറഞ്ഞു.