പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തിയ ദേശീയ ബാല ചിത്രരചനയുടെ ജില്ലാതല മത്സരം പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉദ്ഘാടനം ചെയ്തു. കോവിഡ് കാലം കഴിഞ്ഞ് നാം ആഘോഷങ്ങളുടെയും മത്സരങ്ങളുടെയും ഓളങ്ങളിലേക്ക് ചേക്കേറുകയാണ്. ഈ ഉത്സാഹം വരയിലൂടെയും വര്‍ണങ്ങളിലൂടെയും പകരണം. ഓരോ ചിത്രവും ഞങ്ങള്‍ക്ക് വിലപ്പെട്ടതാണ്. നിങ്ങളുടെ ചിത്രങ്ങള്‍ പോലെ ജീവിതവും വര്‍ണമായി മാറട്ടെ എന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. 5-9, 10-16 പ്രായപരിധി തിരിച്ചാണ് മത്സരം സംഘടിപ്പിച്ചത്.

ഭിന്നശേഷിക്കാരായ കുട്ടികളുടെ വിഭാഗത്തില്‍   5-10,  11-18 എന്നിങ്ങനെ  പ്രായപരിധി തിരിച്ചാണ് മത്സരം നടത്തിയത്. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ ലഭിച്ച ചിത്രങ്ങള്‍ സംസ്ഥാന തലത്തിലും തിരഞ്ഞെടുക്കുന്നവ ദേശീയതലത്തിലും പരിഗണിക്കും. ദേശീയതല വിജയിക്ക് 18 വയസ് അല്ലെങ്കില്‍ പന്ത്രണ്ടാം ക്ലാസ് പൂര്‍ത്തിയാകുന്നത് വരെയോ ഇതില്‍ ആദ്യം ഏത് എന്ന മാനദണ്ഡത്തിലും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കും. ജില്ലാതല വിജയികള്‍ക്ക് പിന്നീട് സര്‍ട്ടിഫിക്കറ്റ് നല്‍കും. പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതി ട്രഷറര്‍ ആര്‍. ഭാസ്‌കരന്‍ നായര്‍ അധ്യക്ഷത വഹിച്ചു.