കെ ഫോണ്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പീരുമേട് നിയമസഭ നിയോജക മണ്ഡലത്തില്‍ സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുന്നതിനുള്ള ആലോചന യോഗം വാഴൂര്‍ സോമന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു.മണ്ഡലത്തില്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള 100 കുടുംബങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ കെ ഫോണ്‍ കണക്ഷന്‍ നല്‍കുന്നത്. പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. 10 ശതമാനം പട്ടിക ജാതി വിഭാഗത്തിനും, 3 ശതമാനം പട്ടിക വര്‍ഗ വിഭാഗത്തിനും പ്രാതിനിധ്യം ഉറപ്പാക്കും. ഒരു പഞ്ചായത്തില്‍ നിന്നും 10 പേര്‍ക്ക് കണക്ഷന്‍ ഉറപ്പാക്കും. പഞ്ചായത്ത് കമ്മറ്റിക്ക് ഉപഭോക്താക്കളെ കണ്ടെത്താന്‍ യോഗത്തില്‍ നിര്‍ദേശം നല്‍കി. തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കി ഉപഭോക്താക്കളുടെ പട്ടിക ഉടന്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയ്ക്ക് കൈമാറന്‍ ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍ എന്നിവരെ ചുമതലപ്പെടുത്തി.
മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച ‘ഒരു നിയോജക മണ്ഡലത്തില്‍ നൂറ് വീടിന് കണക്ഷന്‍’ പദ്ധതി പ്രകാരം 14,000 വീട്ടില്‍ ആദ്യം കണക്ഷന്‍ എത്തിക്കുന്നതിന്റെ ഭാഗമായാണ് പീരുമേട് നിയോജകമണ്ഡലത്തിലും അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തുന്നത്. സംസ്ഥാനത്ത് പിന്നാക്കം നില്‍ക്കുന്ന 20 ലക്ഷം വീടിനും 30,000 സര്‍ക്കാര്‍ ഓഫീസിനും മികച്ച ഇന്റര്‍നെറ്റ് കണക്ടിവിറ്റി ലഭ്യമാക്കുന്നതാണ് പദ്ധതി. ശക്തമായ ഒപ്ടിക്കല്‍ ഫൈബര്‍ ശൃംഖലവഴി അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍ സര്‍വീസ് പ്രൊവൈഡേഴ്‌സ് മുഖേന വീടുകളിലും ഓഫീസുകളിലും എത്തിക്കും. വിദൂര ഗ്രാമങ്ങളിലടക്കം ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാകുന്നതോടെ ഡിജിറ്റല്‍ സൗകര്യങ്ങളുടെ കാര്യത്തില്‍ കേരളം മികച്ച സംസ്ഥാനമാകും.
യോഗത്തില്‍ അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം നൗഷാദ്, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനോജ് എം ടി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ പി. കെ. രാമചന്ദ്രന്‍, പ്രിയ മോഹന്‍, നിഷമോള്‍ ബിനോജ്, ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.