പ്രളയ ദുരിത ബാധിത പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനത്തിന് സന്നദ്ധ
പ്രവർത്തകരെയും സംഘടനകളെയും ഏകോപിപ്പിക്കാനായി ഹരിതകേരളം മിഷനിൽ ആരംഭിച്ച
രജിസ്‌ട്രേഷന് മികച്ച പ്രതികരണം. ടെലിഫോണിലൂടെ മാത്രം ഇന്നലെ (ഓഗസ്റ്റ്
21) വൈകിട്ട് നാലു വരെ 53 സന്നദ്ധ സംഘങ്ങൾ രജിസ്റ്റർ ചെയ്തു. ഈ സംഘങ്ങളിൽ
ആകെ 500ൽപ്പരം പേർ ഉൾപ്പെട്ടിട്ടുണ്ട്. ഇതിനു പുറമേ 100ൽപ്പരം പേർ
വ്യക്തിഗതമായും രജിസ്റ്റർ ചെയ്തു.

രജിസ്‌ട്രേഷനായുള്ള ഓൺലൈൻ സംവിധാനവും ഇന്നലെ ഉച്ചയ്ക്ക്
www.haritham.kerala.gov.in എന്ന വെബ്‌സൈറ്റിൽ ആരംഭിച്ചു. 0471-2449939
എന്ന ഫോൺ നമ്പരിലും 9188120320, 9188120316 എന്നീ മൊബൈൽ നമ്പർ വഴിയുള്ള
രജിസ്‌ട്രേഷനും തുടരുകയാണ്. രജിസ്റ്റർ ചെയ്തവരെ അവരവരുടെ
താൽപ്പര്യാർഥമുള്ള ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ശുചീകരണ
പ്രവർത്തനത്തിന് നിയോഗിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഹൈ പ്രഷർ പമ്പ് സെറ്റ് ഉൾപ്പെടെ അത്യാധുനിക സൗകര്യങ്ങളുമായി കൊല്ലത്തു
നിന്നുള്ള ഒരു സംഘം ആലപ്പുഴ ജില്ലയിൽ ഓഗസ്റ്റ് 22ന്‌ ശുചീകരണത്തിനെത്തും. ഇതിനു പുറമേ പി.എസ്.സി ഓഫിസ് ഉൾപ്പെടെ തിരുവനന്തപുരം
ജില്ലയിലെ വിവിധ സർക്കാർ ഓഫിസുകളിൽ നിന്നും വിവിധ സന്നദ്ധ സംഘങ്ങളിലായി
100 ൽ അധികം പേർ ഇന്ന് പത്തനംതിട്ട ജില്ലയിൽ ശുചീകരണ യജ്ഞത്തിനിറങ്ങും.