കുട്ടനാട്ടില്‍ ഉള്‍പ്രദേശത്ത് പെട്ടുപോയ കുടുംബങ്ങളെ രക്ഷിക്കാന്‍ രാവും  പകലും കഷ്ടപ്പെട്ടവരുടെ കൂട്ടത്തില്‍ ഒരുകൂട്ടം ചെറുപ്പക്കാരുണ്ട്. ദിവസവും രാവിലെ ഏഴ് മണിക്ക് രക്ഷാപ്രവര്‍ത്തനത്തിന് തയ്യാറായി ഇവര്‍ എത്തും. ചങ്ങനാശ്ശേരി പെരുന്നയില്‍ നിന്ന് കഷ്ടിച്ച് രണ്ടര കി.മി. അകലെ കൊണ്ടൂര്‍ ഹോട്ടലിനു സമീപം എസി റോഡിന്റെ അല്പം കര കാണാന്‍ കഴിയുന്ന സ്ഥലത്ത് ട്രാക്ടറിലും ടോറസ് വാഹനങ്ങളിലും അവര്‍ എത്തുന്നു. 10 ഓളം വള്ളങ്ങള്‍ ഇറക്കി അവര്‍ യാത്ര തുടങ്ങുന്നു. കൂട്ടമായി കിടങ്ങറപ്പാലം വരെ ആറ്റിലൂടെ തുഴഞ്ഞെത്തി മൊബൈല്‍ റേഞ്ച് ഇല്ലാത്ത പല വഴികളില്‍ പിരിയുന്നു. ചില വള്ളങ്ങളില്‍ ചെറിയ ഫൈബര്‍ ബോട്ടുകളുണ്ടാകും. വലിയ വള്ളങ്ങള്‍ കടന്നെത്താത്ത ഇടുക്കുകളില്‍ ഇത് ഉപയോഗപ്പെടുത്തും. രണ്ടു വലിയ സംഘങ്ങളായാണ് രക്ഷാപ്രവര്‍ത്തകര്‍ പുറപ്പെടുന്നത്. ചങ്ങനാശ്ശേരി തഹസില്‍ദാര്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, വില്ലേജ് ഓഫീസര്‍ തുടങ്ങിയവരുടെ ഫോണ്‍ നമ്പരുകളും മറ്റ് സന്നദ്ധ പ്രവര്‍ത്തകരുടെ നമ്പരുകളും കൈയിലുണ്ടാകും. പുതിയ അന്വേഷണങ്ങള്‍ എന്തെങ്കിലും ഉണ്ടോ എന്ന് വിളിച്ച് അന്വേഷിച്ച് ഉറപ്പു വരുത്തിയിട്ടാണ് യാത്ര. വള്ളങ്ങള്‍ നിശ്ചിത പോയിന്റ് കഴിയുമ്പോള്‍ മൊബൈല്‍ റേഞ്ച് നഷ്ടപ്പെടും. ചെറുവള്ളങ്ങളില്‍ ഓരോ വീട്ടിലും ചെന്ന് ആളുകളെ രക്ഷപ്പെടുത്തി വലിയ വള്ളത്തില്‍ എത്തിക്കുന്നു. വള്ളം നിറച്ച് ആളുകള്‍ ആകുമ്പോള്‍ മാമ്പുഴക്കരിയിലോ അടുത്തുള്ള എ.സി റോഡിന്റെ കര കാണാവുന്ന ഇടങ്ങളിലോ എത്തിക്കുന്നു. അവിടെ നിന്ന് രോഗികളെ ആംബുലന്‍സിലും മറ്റുള്ളവരെ ടോറസിലും കയറ്റുന്നു. കുട്ടനാടിന്റെ ഉള്‍ഭാഗങ്ങളിലേയ്ക്ക് വീണ്ടും യാത്ര. സന്ധ്യയാകുന്നതു വരെ ഇത് തുടരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ ചെറുപ്പക്കാരുടെ ജീവിതരീതിയാകെ മാറിപ്പോയി. എസി റോഡില്‍ ആറിനു കുറുകെയുള്ള പാലങ്ങള്‍ മുറിച്ചു കടക്കുന്നതിനുള്ള തടസംമുലം ഒരു സംഘം കിടങ്ങറയ്ക്കു പുറമെ ബോട്ട്‌ജെട്ടി ജംഗ്ഷനില്‍ നിന്ന് പുറപ്പെടുന്ന രക്ഷാസംഘം, പാലങ്ങളും മുറിച്ചു കടക്കാനുള്ള ബുദ്ധിമുട്ടുമൂലം റോഡിന് ഇരുവശവും രണ്ടു ദിശകളിലാണ് രക്ഷാപ്രവര്‍ത്തകര്‍ യാത്ര ചെയ്തത്. ചങ്ങനാശ്ശേരി ബോട്ട് ജെട്ടി ഭാഗത്ത് നിന്നും എസി റോഡിലെ കിടങ്ങറ ഭാഗത്തും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ എന്‍ഡിആര്‍എഫിന്റെ ഡിങ്കി ബോട്ടുകള്‍ക്കും നേവിയുടെ രണ്ടു ബോട്ടുകള്‍ക്കുമൊപ്പം കുട്ടനാടിന്റെ ഗതിവിഗതികള്‍ പരിചയമുള്ള ഈ ചെറുപ്പക്കാര്‍ രക്ഷാപ്രവര്‍ത്തകരും വഴികാട്ടികളുമായി. മുളയ്ക്കാംതുരുത്തി ഭാഗത്തു നിന്ന് പുറപ്പെട്ട ഒരു സംഘം കാവാലം, കൃഷ്ണപുരം റൂട്ടിലും കുറിച്ചി ഔട്ട്‌പോസ്റ്റ് ഭാഗത്ത് നിന്ന് പുറപ്പെട്ട സംഘങ്ങള്‍ കൈനടി-നീലംപേരൂര്‍ റൂട്ടിലും രക്ഷാപ്രവര്‍ത്തനം നടത്തി. ഓരോ ദിവസം 5000 മുതല്‍ 6000 വരെ ആളുകള്‍ കുട്ടനാട്ടില്‍ നിന്ന് എത്തിക്കൊണ്ടിരുന്നു. ബിനീഷ് തോമസ് നേവി ഉദ്യോഗസ്ഥര്‍ക്ക് വഴികാട്ടിയായി. അഭീഷ് പി.എസ്, അനീഷ് പെരുമാള്‍, പി.റ്റി. അനീഷ്, അഭിലാഷ് വി. തമ്പി, സന്തോഷ് സി, ഷൈജു എ.പി, അഭിലാഷ് വി.ബി, സജി പി.പി, ജിത്ത് വി.വി, റോബിന്‍ ചാക്കോ, ചാക്കോച്ചന്‍ റ്റി.പി, സുരേഷ് കുമാര്‍, രാജേഷ് റ്റി ആര്‍, സന്തോഷ് കെ., കൊച്ചുമോന്‍ കെ, അജീഷ് പാപ്പച്ചന്‍, സോബിന്‍, രഞ്ജിത്ത്, രാധാകൃഷ്്ണന്‍, സിനോജ്, രതീഷ് എം.കെ, രതീഷ് ആര്‍, അഭിലാഷ്, അനു എംപി, റോജി എം ജോണ്‍ എന്നിവരാണ് എല്ലാ ദിവസവും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്. കുട്ടനാട്ടിലെ രക്ഷാപ്രവര്‍ത്തനം ഏതാണ്ട് അവസാനിച്ചതായി തഹസില്‍ദാര്‍ ജിയോ റ്റി. മനോജ് അറിയിച്ചു. ഇന്നലെ (ആഗസ്ത് 21) 150  പേരെ മാത്രമാണ് കരയിലെത്തിച്ചത്. ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ഷാജി ജോസഫ് ബോട്ടുജെട്ടിയിലും നിജു കുര്യന്‍ മുളയ്ക്കാംതുരുത്തിയിലും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. റവന്യൂ സീനിയര്‍ ക്ലാര്‍ക്ക് ജോസഫ് റെയ്‌നു, എല്‍. എ. തഹസില്‍ദാര്‍ ഗണേഷ് എന്നിവരും നേതൃത്വം നല്‍കി.