പ്രളയത്തില്‍ മുങ്ങിയ കുട്ടനാട്ടില്‍ നിന്നും രക്ഷപെട്ടെത്തിയവര്‍ക്ക് കൂടി താമസിക്കാനിടം നല്‍കി വെച്ചൂരില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജീവം. ഒന്നുമുതല്‍ 11 വരെയുള്ള വാര്‍ഡുകളിലായി ഏഴോളം ക്യാമ്പുകളാണ് വെച്ചൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നത്. കിഴക്കന്‍ വെള്ളത്തിന്റെ വരവില്‍ പഞ്ചായത്തിന്റെ കിഴക്കും പടിഞ്ഞാറും മേഖലകളില്‍ വീടുമുങ്ങിപ്പോയവരാണ് ക്യാമ്പില്‍ അധികവും. മറ്റം, മഞ്ചാടിക്കരി, കൊടുത്തുരുത്ത്, മുച്ചൂര്‍ക്കാവ് എന്നിവിടങ്ങളിലും വേമ്പനാട്ടു കായല്‍ തീരത്തും താമസിക്കുന്നവരാണ് ക്യാമ്പുകളിലുള്ളത്. വെച്ചൂരിലെ ബന്ധു വീടുകളില്‍ അഭയം തേടിയെത്തിയ കുട്ടനാട്ടുകാര്‍ ബന്ധു വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണ് ക്യാമ്പുകളിലെത്തിയത്. രാമങ്കരി, കാവാലം, നെടുമുടി എന്നിവിടങ്ങളിലുള്ള നിരവധിപ്പേരാണ് പേരാണ് സെന്റ് മൈക്കിള്‍സ് സ്‌കൂളിലെ ക്യാമ്പിലുള്ളത്. ബണ്ട് റോഡിനു സമീപത്തെ ഷോപ്പിംഗ് കോംപ്ലക്‌സിന്റെ മുകള്‍ നിലയിലുള്ള ക്യാമ്പിലും വെച്ചൂരിന് പുറത്തു നിന്നുള്ളവര്‍ അഭയം തേടിയിട്ടുണ്ട്. സ്‌കൂളുകളില്‍ എല്ലാ ക്ലാസ് മുറികളും ക്യാമ്പിനായി തുറന്നു കൊടുത്തിട്ടുണ്ട്. കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ക്യാമ്പില്‍തന്നെയാണ് ഭക്ഷണം പാചകം ചെയ്യുന്നത്. ഇതിനാവശ്യമായ സാധനങ്ങളെല്ലാം സുലഭമായി സര്‍ക്കാര്‍ എത്തിച്ചിട്ടുണ്ട്. വിവിധ ജാതി-രാഷ്രീയ സംഘടനകള്‍ യുവജന ക്ലബ്ബുകള്‍ ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയ്ക്കു പുറമേ വ്യക്തികളും സാധന സാമഗ്രികള്‍ എത്തിക്കുന്നുണ്ട്. തിരുവനന്തപുരം നഗരസഭയും ഏഴു ക്യാമ്പുകളിലും ബ്രെഡ് ,ബണ്‍,ബിസ്‌ക്കറ്റ് എന്നിവ എത്തിച്ചു നല്‍കി. കുടുംബശ്രീയുടെ നേതൃത്വത്തില്‍ കാര്‍ഷിക വിളകളും പ്രാദേശികമായി സമാഹരിച്ച് നല്‍കുന്നുണ്ട്. ചോറും ,ഒഴിച്ചു കറിയും,തോരനും, അച്ചാറും ഉള്‍പ്പെടെ രണ്ടു നേരം ഊണും പ്രഭാത ഭക്ഷണവും സമയം തെറ്റാതെ തന്നെ ലഭ്യമാക്കുന്നുണ്ട്. വസ്ത്രങ്ങള്‍ ഒപ്പം കരുതിയാണ് എല്ലാവരും എത്തിയിട്ടുള്ളതെങ്കിലും വിവിധതരം വസ്ത്രങ്ങള്‍, നാപ്കിന്‍ എന്നിവ സ്റ്റോക്ക് ചെയ്ത് ആവശ്യക്കാര്‍ക്ക് നല്‍കുന്നുണ്ട്. അലോപ്പതി -ആയുര്‍വ്വേദ ആരോഗ്യ വിദഗ്ധരുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തി ആവശ്യമായ മരുന്നുകളും ആരോഗ്യ ബോധവല്‍ക്കരണവും എല്ലാ ദിവസവും നടക്കുന്നുണ്ട്. കാര്യമായ അസുഖങ്ങളൊന്നും റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. ക്യാമ്പിലെത്തിയ കിടപ്പു രോഗികളെ ഇടയാഴം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് മാറ്റി പ്രത്യേക പരിചരണം നല്‍കുന്നുണ്ട്. കുടുംബശ്രീ പരിശീലനം നല്‍കിയ സാന്ത്വനം വോളണ്ടിയര്‍മാര്‍ ക്യാമ്പിലുള്ളവരുടെ പ്രഷര്‍,ഷുഗര്‍, കൊളസ്‌ട്രോള്‍ നിലയും പരിശോധിക്കുന്നുണ്ട്. ക്യാമ്പിലുള്ളവര്‍ മദ്യം കഴിക്കരുതെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശോധനയും ലഹരിക്കെതിരെ ബോധവല്‍ക്കരണവും എക്‌സൈസ് വകുപ്പുദ്യോഗസ്ഥര്‍ നടത്തുന്നു. സുരക്ഷ ഉറപ്പു വരുത്തുന്നതിന് പോലീസ് ഉദ്യോഗസ്ഥരും ക്യാമ്പിലെ സൗകര്യങ്ങള്‍, ലഭിച്ചിട്ടുള്ള സാധന സാമഗ്രികളുടെ സ്റ്റോക്ക്, ഉപയോഗം എന്നിവ വിലയിരുത്തുന്നതിന് വിജിലന്‍സ് ഉദ്യോഗസ്ഥരും ക്യാമ്പുകളില്‍ എത്തുന്നുണ്ട്.
