പ്രളയത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ അടിയന്തരമായി പുനര്‍നിര്‍മിക്കുന്നതിന് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ആലോചിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ മുന്‍ ചീഫ് സെക്രട്ടറിമാരുടെ യോഗം ചേര്‍ന്നു. സ്വകാര്യ മേഖലയുടെ കൂടി സഹകരണത്തോടെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ ഫലപ്രദമായി നടപ്പാക്കാന്‍ കഴിയുമെന്നും ആവശ്യമായ ധനം എങ്ങനെ സമാഹരിക്കാമെന്നും യോഗം ചര്‍ച്ച ചെയ്തു. യോഗത്തില്‍ ഉയര്‍ന്ന നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച് പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍ മുന്‍ ചീഫ് സെക്രട്ടറിയും കിഫ്ബി സിഇഒയുമായ കെ.എം. എബ്രഹാമിനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി.
ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് പുനര്‍നിര്‍മാണത്തിന് വേണ്ട ഫണ്ട് സമാഹരിക്കാനുള്ള നടപടികളെക്കുറിച്ച് ആലോചിക്കാവുന്നതാണെന്ന് യോഗത്തില്‍ ്അഭിപ്രായമുയര്‍ന്നു. ഇതിനായി ഏതെങ്കിലും ധനകാര്യ സ്ഥാപനത്തെ നോഡല്‍ ഏജന്‍സിയായി ചുമതലപ്പെടുത്തി 5000 കോടി രൂപ സോഫ്റ്റ് ലോണായി സമാഹരിക്കാം. ലോണുകള്‍ക്ക് അഞ്ചുവര്‍ഷത്തെ മോറട്ടോറിയം പ്രഖ്യാപിക്കുകയും ചെയ്യാം.
പുനരധിവാസത്തിനു മുന്നോടിയായി അടിയന്തരമായി ചെയ്യേണ്ടത് ശുചീകരണ പ്രവര്‍ത്തനമാണ്. അഞ്ചടിയോളം ചളി ഓരോ വീട്ടിലും അടിഞ്ഞുകൂടിയിട്ടുണ്ടെന്നാണ് കണക്ക്. എല്ലാ മനുഷ്യവിഭവശേഷിയും സാങ്കേതിക വിദ്യകളും മാലിന്യ നീക്കത്തിനായി ഉപയോഗപ്പെടുത്തണം. തദ്ദേശസ്ഥാപനങ്ങളെ ഇതിനായി തയ്യാറാക്കണം.
വേസ്റ്റ് മാനേജ്‌മെന്റ് വിഷയത്തില്‍ അടിയന്തരമായി നേതൃത്വപരമായ ഒരു തീരുമാനം ഉണ്ടാകണം. ശുദ്ധജല വിതരണം അവതാളത്തിലാവുന്നതു തടയാന്‍ വാട്ടര്‍ അതോറിറ്റിയുടെ ജലശുദ്ധീകരണ ശാലകള്‍ റീ ലൊക്കേറ്റ് ചെയ്യണം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് ഒരു എംപവേഡ് കാബിനറ്റ് കമ്മിറ്റി രൂപീകരിക്കണം. മൂന്നോ നാലോ മന്ത്രിമാരുടെ തീരുമാനം കാബിനറ്റിന്റെ മുഴുവന്‍ തീരുമാനമായി നടപ്പാക്കുന്നതിന് ഈ കമ്മിറ്റിക്ക് കഴിയണം. പ്രളയ പ്രതിരോധ സംവിധാനങ്ങള്‍ സംബന്ധിച്ച് ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി, എന്‍ഐറ്റി, ഐഐറ്റി എന്നിവരുടെ നേതൃത്വത്തില്‍ പഠനം നടത്തണം.
പുനര്‍ നിര്‍മാണ പ്രക്രിയകള്‍ക്ക് കോര്‍പറേറ്റുകളുടെ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ടുകള്‍ ഉപയോഗപ്പെടുത്താം. എഫ്ആര്‍ബിഎം പരിധി രണ്ടുശതമാനം വരെ ഉയര്‍ത്താന്‍ കഴിയുമോ എന്നതിനെക്കുറിച്ച് ആലോചിക്കണം. കൂടുതല്‍ ഫണ്ട് കണ്ടെത്തുന്നതിന് റിഹാബിലിറ്റേഷന്‍ സെസ് പിരിക്കുന്നതിനെക്കുറിച്ചും ആലോചിക്കാം. പുനര്‍ നിര്‍മാണ പ്രക്രിയ കാലതാമസമില്ലാതെ നടപ്പാക്കാന്‍ അടിയന്തര തീരുമാനങ്ങള്‍ എടുക്കണം. എംപവേഡ് കമ്മിറ്റികള്‍ ജില്ലാതലത്തിലും രൂപീകരിക്കണം.
പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതും നടപ്പിലാക്കുന്നതും വേഗത്തിലാക്കണം. ജില്ലയുടെ പദ്ധതികള്‍ സംസ്ഥാനതലത്തില്‍ ആസൂത്രണം ചെയ്ത് ജില്ലാതലത്തില്‍ നടപ്പാക്കണം. ദീര്‍ഘകാല പദ്ധതികള്‍ നടപ്പാക്കാന്‍ കേന്ദ്ര ഫണ്ടുകളും മറ്റു ഫണ്ടുകളും ഉപയോഗപ്പെടുത്തണം. വിദേശത്തും മറ്റും പ്രവര്‍ത്തിക്കുന്ന വന്‍കിട സ്ഥാപനങ്ങളെ പുനര്നിര്മാണപ്രവര്ത്തനങ്ങളി ല്‍ പ്രയോജനപ്പെടുത്തണം.
പരമ്പരാഗത രീതിയിലുള്ള പുനര്‍ നിര്‍മാണ പ്രവര്‍ത്തനം പ്രായോഗികമല്ല. ഗവേഷണം, ആസൂത്രണം, നിര്‍വഹണം എന്നിവ ഒരേസമയം നടപ്പിലാക്കാന്‍ കഴിയണം. മീഡിയം ടേം, ലോങ് ടേം പ്രവര്‍ത്തനങ്ങളാണ് സ്വീകരിക്കേണ്ടത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ മോണിറ്ററിംഗ് സമിതി വേണം. പുനര്‍നിര്‍മാണപ്രക്രിയകള്‍ ആവശ്യമുള്ള ഗുണഭോക്താക്കളുടെയും സേവനദാതാക്കളുടെയും സ്‌പോണ്‍സര്‍ ചെയ്യാന്‍ താത്പര്യമുള്ളവരുടെയും വിവരങ്ങള്‍ ലഭ്യമാക്കുന്ന ഒരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സര്‍ക്കാര്‍തലത്തില്‍ ആരംഭിക്കാവുന്നതാണ്. റീ കണ്‍സ്ട്രക്ഷന്‍ ഫണ്ട് രൂപീകരിക്കണം.
ശുചീകരണ പ്രക്രിയ അടിയന്തരമായും കാര്യക്ഷമമായും നിര്‍വഹിക്കണം. ഇതിന് സന്നദ്ധ സംഘടനകള്‍, എന്‍.എസ്എസ് യൂണിറ്റുകള്‍, യുവജന സമിതികള്‍ എന്നിവരെ ഉള്‍പ്പെടുത്തിയ ജനകീയ സമിതികളെ ഉപയോഗപ്പെടുത്തണം. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുമുമ്പും തുടങ്ങിയതിനുശേഷവും ഏരിയല്‍ സര്‍വേ നടത്തണം. പ്രകൃതിദുരന്തങ്ങള്‍ ബാധിക്കുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുന്നതിനെക്കുറിച്ച് ആലോചിക്കണം. എങ്ങനെയാണ് ധനം സമാഹരിക്കേണ്ടത് എന്നു തീരുമാനിക്കുന്നതിന് ടാസ്‌ക്‌ഫോഴ്‌സ് രൂപം നല്‍കണം.
നാശനഷ്ടം സംഭവിച്ച സ്‌കൂളുകള്‍, ആശുപത്രികള്‍ തുടങ്ങിയവ അടിയന്തരമായി പുനര്‍നിര്‍മിക്കണം. രോഗവ്യാപനം തടയണം. ഡാമുകള്‍ തുറക്കേണ്ടിവന്നാല്‍ ജലം ഒഴുകുന്ന റൂട്ട് നിശ്ചയിച്ച് ജാഗ്രതാ നടപടികള്‍ സ്വീകരിക്കണം. നദീതീരത്ത് ആള്‍പ്പാര്‍പ്പ് കുറച്ച് നദീവ്യാപ്തി വര്‍ധിപ്പിക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് യോഗത്തില്‍ ഉയര്‍ന്നത്.
യോഗത്തില്‍ മന്ത്രിമാരായ ഡോ. ടി.എം. തോമസ് ഐസക്, ഇ. ചന്ദ്രശേഖരന്‍, ഇ.പി. ജയരാജന്‍, മുന്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ നായര്‍, മുന്‍ ചീഫ് സെക്രട്ടറിമാരായ സി.പി.നായര്‍, ഡി. ബാബു പോള്‍, കെ.എം. ചന്ദ്ര ശേഖരന്‍, കെ. ജയകുമാര്‍, ജോണ്‍ മത്തായി, കെ.എം. എബ്രഹാം, ജിജി തോംസണ്‍, നളിനി നെറ്റോ, ചീഫ് സെക്രട്ടറി ടോം ജോസ്, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ്. സെന്തില്‍, ഐ.ടി സെക്രട്ടറി എം.ശിവശങ്കര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.