*കന്നുകാലികള്‍ നഷ്ടപ്പെട്ടവര്‍ക്ക് സഹായം
പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വളര്‍ത്തു മൃഗങ്ങളുടെ സംരക്ഷണത്തിന് പ്രത്യേക ക്യാമ്പുകള്‍ കൂടുതല്‍ ആരംഭിക്കുമെന്ന് വന, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി അഡ്വ. കെ. രാജു പറഞ്ഞു. പ്രളയബാധിത മേഖലയിലെ പൊതുസ്ഥലങ്ങളിലാണ് ക്യാമ്പുകള്‍ ആരംഭിക്കുക. മൃഗചികിത്സയ്ക്കൊപ്പം മരുന്നുകളും തീറ്റയും ക്യാമ്പില്‍ സൗജന്യമായി നല്‍കും.
നഷ്ടപ്പെട്ട വളര്‍ത്തു മൃഗങ്ങളുടെ ഇനം തിരിച്ചുള്ള വിവര ശേഖരണം നടത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. തകര്‍ന്ന തൊഴുത്തുകളും മറ്റു സംവിധാനങ്ങളും ഉടന്‍ പുനര്‍നിര്‍മിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തും. കന്നുകാലികള്‍ നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നടപടി സ്വീകരിക്കും. മില്‍മ, കേരള ഫീഡ്സ്, ദേശീയ ക്ഷീരവികസന ബോര്‍ഡ് എന്നിവയുമായി സഹകരിച്ച് സൗജന്യമായി കാലിത്തീറ്റ വിതരണം ചെയ്യും. ആദ്യ ഘട്ടത്തിലേക്ക് 50 ടണ്‍ കാലിത്തീറ്റ എത്തിച്ചിട്ടുണ്ട്.
വകുപ്പ് നടത്തുന്ന ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ മന്ത്രിയുടെ നേതൃത്വത്തില്‍ വിലയിരുത്തി. ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമെത്തിക്കാനായി ആഗസ്റ്റ് 16 മുതല്‍ വനം ആസ്ഥാനത്ത് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. വനംവകുപ്പിന്റെ നേതൃത്വത്തില്‍ വിവിധയിടങ്ങളിലായി 20 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു.
വനംവകുപ്പിന്റെ വാഹനങ്ങള്‍, സ്പീഡ് ബോട്ടുകള്‍, കുട്ടവഞ്ചികള്‍ എന്നിവ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരും വാച്ചര്‍മാരും വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് ശുചീകരണ പ്രവര്‍ത്തനം നടത്തുന്നുണ്ട്.
മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പുകള്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ക്ഷീരവികസന വകുപ്പിന് കീഴില്‍ ജില്ലാതലത്തില്‍ ദുരിതാശ്വാസ സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് ലഭിക്കുന്ന സഹായങ്ങള്‍ ജില്ലാ കളക്ടര്‍മാര്‍ മുഖേന വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. മൃഗസംരക്ഷണ മേഖലയ്ക്കുണ്ടായ നഷ്ടം കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ ശ്രദ്ധയില്‍പെടുത്തും. വകുപ്പ് സെക്രട്ടറി ഡോ. വി. വേണു, വനം മേധാവി പി. കെ. കേശവന്‍, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. എന്‍. എന്‍. ശശി, ക്ഷീരവികസന ഡയറക്ടര്‍ എബ്രഹാം ടി. ജോസഫ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.