ആലപ്പുഴ: വെള്ളപൊക്കത്തിന് ശേഷം വീടുകളിലേക്ക് മടങ്ങുമ്പോള്‍ അടിയന്തിരമായി എടുക്കേണ്ട മുന്‍കരുതലുകളെകുറിച്ച് ആലപ്പുഴ ജില്ല മെഡിക്കല്‍ ഓഫീസര്‍ മുരളീധരന്‍ പിള്ള നിര്‍ദേശം നല്‍കി.ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാന്‍ ശ്രമിക്കണമെന്നും ജില്ല മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

പ്രധാന നിര്‍ദ്ദേശങ്ങള്‍

* വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളിലെ വീടുകളും സ്ഥാപനങ്ങളും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം നന്നയി കഴുകി വൃത്തിയാക്കുക

* കക്കൂസ് മാലിന്യങ്ങള്‍ കൊണ്ട് മലിനപ്പെടാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് തന്നെ ശുചിയാക്കണം.

* പരിസരം വൃത്തിയാക്കാന്‍ നീറ്റുകക്ക, കുമ്മായം എന്നിവ ഉപയോഗിക്കണം.

* വെള്ളകെട്ട് മൂലം മലിനപ്പെട്ട കിണറുകളും കുടിവെള്ള ടാങ്കുകളും ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് ശുചിയാക്കിയ ശേഷം മാത്രം ഉപയോഗിക്കണം.

* ഒന്നിടവിട്ട ദിവസങ്ങളില്‍ ക്ലോറിനഷന്‍ നടത്തുകയും വേണം.

* ഭക്ഷണം പാകം ചെയ്യാന്‍ ഉപയോഗിക്കുന്ന പാത്രങ്ങള്‍, ഗ്ലാസുകള്‍ തുടങ്ങിയവയെല്ലാം ക്ലോറിനേറ്റ് ചെയ്ത വെള്ളത്തില്‍ കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.

* കൈയും കാലും കഴുകാന്‍ ക്ളോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കണം.പാത്രം കഴുകാന്‍ ശേഖരിച്ച വെള്ളത്തില്‍ 20 ലിറ്ററിന് ഒന്ന് എന്ന ക്രമത്തില്‍ ക്ലോറിന്‍ ഗുളിക ഉപയോഗിക്കണം.

* മലിന ജലത്തില്‍ ജോലി ചെയ്യേണ്ടവര്‍ ഗംബൂട്ട്,കൈയ്യുറ മുതലായ വ്യക്തിഗത സുരക്ഷഉപാധികള്‍ നിര്‍ബന്ധമായും ഉപയോഗിക്കണം.

* കൈകാലുകളില്‍ മുറിവേറ്റാല്‍ ഡോക്ടറുടെ ഉപദേശം തേടുകയും പ്രതിരോധ ഗുളിക കഴിക്കുകയും ചെയ്യണം.

* മലിനജലവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവര്‍ ആഴ്ചയില്‍ ഒരിക്കല്‍ പ്രതിരോധ മരുന്ന് കഴിക്കണം.

* വീടിന് പുറത്ത് ഇറങ്ങുമ്പോള്‍ നിര്‍ബന്ധമായും ചെരുപ്പ് ഉപയോഗിക്കണം.

* പനിയോ മറ്റ് രോഗലക്ഷണങ്ങളോ ഉണ്ടായാല്‍ സ്വയം ചികിത്സിക്കാതെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടുക.

* അണുബാധ ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാല്‍ പ്രമേഹരോഗികള്‍ കൃത്യമായി ചികിത്സ തേടണം.

* വൈറല്‍ പനി ,ചിക്കന്‍ പോക്സ്,മറ്റ് പകര്‍ച്ചവ്യാധികള്‍ തടയാന്‍ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖം തൂവാല ഉപയോഗിച്ച് മറയ്ക്കണം.

* അടഞ്ഞു കിടക്കുന്ന മുറികളില്‍ വായു സഞ്ചാരം ഉറപ്പു വരുത്തണം.

* വെള്ളപൊക്കത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന വീടുകളില്‍ തുറന്നിരുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എലിമൂത്രത്തില്‍ മലിനമാകാന്‍ ഇടയുള്ളതിനാല്‍ ഇവ ഉപയോഗിക്കരുത്.

* ഭക്ഷണ സാധനങ്ങള്‍ അടച്ച് സൂക്ഷിക്കണം.

*തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.