കാര്‍ഷിക യന്ത്രവത്കരണ ഉപപദ്ധതിയുടെ ഭാഗമായി കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ്, കാര്‍ഷിക എന്‍ജിനീയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ കാര്‍ഷിക മേഖലയിലെ അതിനൂതന സാങ്കേതിക വിദ്യയായ ഡ്രോണ്‍ പ്രവര്‍ത്തി പരിചയവും പ്രദര്‍ശനവും നടന്നു. ആലത്തൂര്‍ പഞ്ചായത്ത് കീഴ്പ്പാടം പാടശേഖരത്തില്‍ മലമല്‍ തരിശ്പാടത്ത് നടന്ന പരിപാടി  കെ.ഡി പ്രസേനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കാര്‍ഷിക യന്ത്രവത്കരണത്തില്‍  മുഖ്യപങ്ക് വഹിക്കുന്ന ഡ്രോണുകള്‍ കൃഷിയിടങ്ങളിലെ വിള വളര്‍ച്ച, വിള പരിപാലനം, വളപ്രയോഗം, കീടനാശിനി പ്രയോഗം എന്നീ മേഖലയില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു. കുറഞ്ഞ സമയത്ത് ആവശ്യമായ അളവില്‍ വിള സംരക്ഷണ ഉപാധികള്‍ കൃഷിയിടങ്ങളില്‍ എത്തിക്കാന്‍ ഡ്രോണ്‍ ഉപയോഗത്തിലൂടെ സാധ്യമാകുന്നു. കാലാവസ്ഥാ വ്യതിയാനം പ്രതിസന്ധിയാകുന്ന കാലഘട്ടത്തില്‍ വളരെ കുറഞ്ഞ അളവില്‍  ഫലപ്രദമായ സാങ്കേതിക വിദ്യയില്‍ സൂക്ഷ്മ മൂലകങ്ങളും ജൈവകീടനാശിനികളും കൃഷിയിടത്തില്‍  തളിക്കാം എന്നതാണ്  കാര്‍ഷിക ഡ്രോണുകളുടെ പ്രത്യേകത. ആലത്തൂര്‍ ഗ്രാമപഞ്ചായത്തിലെ കീഴ്പാടം പാടശേഖരത്തില്‍ ഉള്‍പ്പെട്ട മലമല്‍ പാടത്തെ കര്‍ഷകയായ രമ  വെങ്ങാന്നൂരിന്റെ അഞ്ചേക്കറില്‍ സൂക്ഷ്മ മൂലകങ്ങളായ ബോറോണ്‍, സള്‍ഫേറ്റ് ഓഫ് പൊട്ടാഷ് എന്നിവയാണ് ഡ്രോണ്‍ ഉപയോഗിച്ച് തളിച്ചത്. കതിര് വരുന്നതിന് മുന്‍പുള്ള സൂക്ഷ്മ മൂലകങ്ങളുടെ പ്രയോഗം പതിര് കുറയ്ക്കാനും മണിത്തൂക്കം കൂടാനും സഹായകരമാണ്. ഒരു ഏക്കര്‍ സ്ഥലം ഡ്രോണ്‍ ഉപയോഗിച്ച് തളിക്കാന്‍ എട്ട് മിനിറ്റ് മതിയാകും. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സ്മാം (ടങഅങ) പദ്ധതി പ്രകാരം 10 ലക്ഷം രൂപ വരെ വില വരുന്ന കാര്‍ഷിക ഡ്രോണുകള്‍ക്ക് വ്യക്തിഗത കര്‍ഷകര്‍ക്ക് നാല് മുതല്‍ അഞ്ച് ലക്ഷം രൂപ വരെ സബ്സിഡിയില്‍ ലഭ്യമാകും. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലയിലും 10 ഹെക്ടറില്‍ കുറയാത്ത കൃഷിയിടങ്ങളില്‍ പ്രവൃത്തിപരിചയം നടപ്പിലാക്കുന്നുണ്ട്.