ലഹരിക്കെതിരെ കേരള പൊലീസിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന യോദ്ധാവ് പദ്ധതിക്ക്‌ കുറ്റ്യാടിയിൽ തുടക്കമായി. ഇതിന്റെ ഭാഗമായി കുറ്റ്യാടി മുതൽ നാദാപുരം വരെ സൈക്കിൾ റാലി സംഘടിപ്പിച്ചു. കുറ്റ്യാടി ബസ് സ്റ്റാൻഡ്‌ പരിസരത്ത് കെ.പി കുഞ്ഞമ്മദ്‌ കുട്ടി എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു. സൈക്കിൾ റാലിയുടെ ഫ്ലാഗ് ഓഫ് ജില്ലാ റൂറൽ പൊലീസ് മേധാവി ആർ കറുപ്പസാമിയും എം.എൽ.എയും ചേർന്ന്‌ നിർവഹിച്ചു.

കോഴിക്കോട് റൂറൽ ജില്ലാ നർകോട്ടിക് സെൽ ഡി.വൈ.എസ്‌.പി കെ. എസ് ഷാജി ബോധവൽക്കരണ സന്ദേശം നൽകി. നാദാപുരം ഡി.വൈ.എസ്‌.പി ലതീഷ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മൊകേരി ഗവ.കോളജ്, ഹൈടെക് കോളജ് കല്ലാച്ചി, വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ, ഓട്ടോ ടാക്സി തൊഴിലാളികൾ, ക്ലബുകളായ എക്കോവ് പെഡലേഴ്‌സ് കല്ലാച്ചി, സൈക്ലോ കുറ്റ്യാടി, വിവിലേഴ്‌സ് ഒഞ്ചിയം എന്നിവയുടെ സഹകരണത്തോടെയാണ്‌ പരിപാടി സംഘടിപ്പിച്ചത്.

നാദാപുരം, വളയം പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരും കല്ലാച്ചി ഗവ.ഹൈസ്കൂൾ, പേരോട് ഹൈസ്കൂൾ എന്നിവിടങ്ങളിലെ എസ്‌.പി.സി കേഡറ്റുകളും സൈക്കിൾ റാലിക്കൊപ്പം അണിചേർന്നു. നാദാപുരം ബസ്‌സ്റ്റാൻഡ്‌ പരിസരത്ത് നടന്ന സമാപന പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ അഖില മര്യാട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ അംഗങ്ങൾ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.