പുനരുപയോഗത്തിനുള്ള സാധ്യതകൾ പരമാവധി പ്രയോനപ്പെടുത്തുന്ന തരത്തിൽ  കൈമാറ്റ, പുനരുപയോഗ ചന്തകൾ സംസ്ഥാന വ്യാപകമാകണമെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അഭിപ്രായപ്പെട്ടു. വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് ചാരിറ്റബിൾ  സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കൈമാറ്റച്ചന്തയുടെ ഉദ്ഘാടനം  തിരുവനന്തപുരം ജവഹർ ബാലഭവനിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഫ്‌ളീ മാർക്കറ്റ് എന്ന് പേരിട്ടിരിക്കുന്ന വട്ടിയൂർക്കാവിലെ കൈമാറ്റചന്ത സംസ്ഥാനത്തിന് മാതൃകയാണ്. പുനരുപയോഗത്തിന് ലോകത്തിൽ സ്വീകാര്യത വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഒരു വ്യക്തിക്ക് ആവശ്യമില്ലാത്തതും മറ്റൊരാൾക്ക്  ഉപയോഗിക്കാൻ കഴിയുന്നതുമായ വസ്തുക്കളുടെ കൈമാറ്റം സീറോ വേസ്റ്റ് എന്ന സങ്കൽപ്പത്തിലൂന്നിയതാണ്. മാനവികമായ, പരിസ്ഥിതി സൗഹൃദമാർന്ന ഈ ആശയം മാതൃകാപരമാണെന്നുംമന്ത്രി പറഞ്ഞു.ട്രസ്റ്റ് രക്ഷാധികാരി കൂടിയായ വി കെ പ്രശാന്ത് എം എൽ എ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു