കല്‍പ്പറ്റ: കനത്ത മഴയില്‍ കോട്ടത്തറ കരിഞ്ഞകുന്ന് വേങ്ങച്ചേരിയില്‍ വി.ജെ ബേബിയുടെ പുരയിടത്തിലെ കിണര്‍ ഇടിഞ്ഞുതാഴ്ന്നു. കോട്ടത്തറ വലിയ പുഴയില്‍ നീരൊഴുക്ക് കുറഞ്ഞെങ്കിലും പലയിടങ്ങളിലും വെള്ളക്കെട്ടിന് ശമനമായിട്ടില്ല. ചില പ്രദേശങ്ങളില്‍ അസ്വാഭാവികമായ പ്രതിഭാസങ്ങള്‍ ഉണ്ടാകുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. കരഭൂമി താഴ്ന്ന് വയല്‍പ്രദേശങ്ങള്‍ ഉയര്‍ന്നുവരുന്നുവെന്നതാണ് അതില്‍ പ്രധാനം. ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ല. പേമാരിയില്‍ ഏറ്റവും കൂടുതല്‍ വെള്ളമുയര്‍ന്ന പഞ്ചായത്തുകളിലൊന്നാണ് കോട്ടത്തറ. സമീപ പ്രദേശങ്ങളായ വെണ്ണിയോട്, പടിഞ്ഞാറത്തറ പഞ്ചായത്തിലെ കുറുമണി പ്രദേശങ്ങളിലെല്ലാം വെള്ളം കയറി നാശനഷ്ടങ്ങളുണ്ടായി. കോട്ടത്തറ-പടിഞ്ഞാറത്തറ പഞ്ചായത്തുകള്‍ അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ് കുറുമണി. ഇവിടെ പല ഭാഗങ്ങളും ഇപ്പോഴും ഒറ്റപ്പെട്ടുകിടക്കുകയാണ്. തോണിയാത്ര മാത്രമാണ് ആശ്രയം. പ്രദേശവാസികളുടെ നിരന്തര ആവശ്യം പരിഗണിച്ച് ചില സന്നദ്ധ സംഘടനകള്‍ കഴിഞ്ഞ ദിവസം മേഖലയിലേക്ക് രണ്ടു ബോട്ടുകള്‍ വാങ്ങി നല്‍കി. ഒന്ന് കോട്ടത്തറ പഞ്ചായത്തിനാകെയും മറ്റൊന്ന് കുറുമണി പ്രദേശവാസികള്‍ക്കുമാണ് നല്‍കിയത്. അതേസമയം, ഏറെ നാശനഷ്ടമുണ്ടായ കോട്ടത്തറ പഞ്ചായത്ത് തിരിച്ചുവരവിന്റെ പാതയിലാണ്. വെള്ളം കയറിയ വീടുകള്‍ വൃത്തിയാക്കുന്ന തിരക്കിലാണ് പലരും. വെള്ളക്കെട്ട് കുറയാത്ത പ്രദേശങ്ങളില്‍ നിന്ന് ഒഴിഞ്ഞുപോയവര്‍ ബന്ധുവീടുകളിലും ദുരിതാശ്വാസ ക്യാമ്പുകളിലും തുടരുന്നു. ഇവര്‍ക്കുള്ള അവശ്യസാധനങ്ങള്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ എത്തിച്ചുനല്‍കുന്നുണ്ട്. സന്നദ്ധ സംഘടനകളും ദുരിതബാധിതര്‍ക്കായി മുന്നില്‍നിന്നു പ്രവര്‍ത്തിക്കുകയാണ്.
