ആലപ്പുഴ: പ്രളയത്തിന് ശേഷം വീടുകളിലേക്ക് മടങ്ങുന്നവർക്ക് അനുഭവിക്കുന്ന പ്രധാന പ്രശ്‌നമാണ് പാമ്പുകളെ കണ്ടെത്തുന്നത്. പ്രളയ ജലത്തിൽ ഉഗ്ര വിഷമുള്ളതും അല്ലാത്തതുമായ പാമ്പുകളും വീടുകളിലേക്ക് ഒഴുകിയെത്തി. വീട് വൃത്തിയാക്കുമ്പോൾ കട്ടിലിനടിയിലും ജനലിലുമൊക്കെ ഇവയെ കണ്ടെത്തുന്നവരും കുറവല്ല. ജില്ലയിലെ പ്രളയബാധിതരനുഭവിക്കുന്ന ഈ പ്രശ്‌നത്തിന് പരിഹാരമാകുന്നു.
അപകടകാരികളായ പാമ്പുകളെ പിടികൂടാൻ കണ്ണൂർ പറശ്ശിനിക്കടവ് സ്‌നേക് പാർക്കിലെ ഉദ്യേഗസ്ഥരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ആലപ്പുഴയിലെത്തി. സന്നദ്ധ സേവനമെന്ന നിലയിലാണ് ഇവരുടെ പ്രവർത്തനം. സ്നേക്ക് പാർക്കിലെ ഉദ്യേഗസ്ഥർക്ക് പുറമേ സന്നദ്ധ സേവന വൊളന്റിയർമാരുമായ സജീവൻ, സന്ദീപ്, അനിൽകുമാർ, നവനീത് കൃഷ്ണ, ഡോ.സിയാ അഹമ്മദ് എന്നിവരാണ് പാമ്പുകളെ പിടികൂടാൻ മാത്രമായി ആലപ്പുഴയിലെത്തിയിരിക്കുന്നത്. നാല് ദിവസം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ താമസിച്ചാണ് ഇവർ തങ്ങളുടെ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനുദ്ദേശിക്കുന്നത്.
ആവശ്യമെങ്കിൽ കൂടുതൽ ദിവസം ഇവിടെ താമസിക്കാൻ തയ്യാറാണെന്നും ഇവർ് പറയുന്നു. പാമ്പിനെ കണ്ടു എന്ന സന്ദേശം ലഭിച്ചാൽ ആ ഭാഗത്തേക്ക് ഉടൻ എത്തുന്ന വിധമാണ് സ്‌നേക്ക് സംഘത്തിന്റെ പ്രവർത്തിക്കുന്നത് . ജില്ലയിലെ പ്രളയ ബാധിത പ്രദേശങ്ങളിൽ നിന്നും ഇവർ പിടിക്കുന്ന പാമ്പുകളെ വനം വകുപ്പിനു കൈമാറും. ഇവരുടെ സേവനം ജില്ലയിൽ 24 മണിക്കൂറും ലഭ്യവുമാണ്. വിളിക്കേണ്ട നമ്പർ: 9400399000