കൊവിഡിൽ പൂട്ടിയ അഴീക്കോട് ഗ്രാമ പഞ്ചായത്ത് വയോജന വിനോദ വിശ്രമ കേന്ദ്രത്തിൽ വീണ്ടും ചിരിപടരും. പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ അരയാക്കണ്ടിപ്പാറയിൽ 2020ലാണ് ‘പകൽ വീട്’ വയോജന വിനോദ വിശ്രമ കേന്ദ്രം തുറന്നത്. എന്നാൽ കൊവിഡിൽ ലോക്ക്ഡൗണായതോടെ അടക്കുകയായിരുന്നു. തുടർന്ന് വയോജന ദിനത്തിൻറെ ഭാഗമായി പഞ്ചായത്ത് നവീകരിച്ച് വീണ്ടും തുറന്നു. മന്ദിരത്തിൽ ഇനി കെയർ ടേക്കറുടെ സേവനവും ലഭ്യമാകും.
കൊവിഡിന് മുൻപ് ദിവസവും അമ്പതോളം വയോജനങ്ങൾ പകൽ വീട്ടിൽ എത്തി കളി ചിരി തമാശകളിലേർപ്പെട്ടിരുന്നു. നീണ്ട രണ്ടു വർഷത്തിനു ശേഷം അവർ വീണ്ടും ഒരുമിച്ചപ്പോൾ ആഹ്ലാദ നിമിഷമായി. ദിവാൻ കോട്ടുകൾ, പത്രങ്ങൾ, ടിവി, കസേരകൾ, അലമാരകൾ, വിശാലമായ ഇരിപ്പിടങ്ങൾ തുടങ്ങിയവ പകൽ വീട്ടിൽ ലഭ്യമാണ്. 2022-23 സാമ്പത്തിക വർഷത്തിൽ ഇവർക്കായി യോഗ പരിശീലനം, ലഘുഭക്ഷണം, മറ്റു ബോധവൽക്കരണം, വിനോദ പരിപാടികൾ എന്നിവ നടത്താനുള്ള പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
പകൽ വീട്ടിൽ നടന്ന ചടങ്ങ് വൈസ് പ്രസിഡണ്ട് എ റീന ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷ കെ കെ മിനി അധ്യക്ഷത വഹിച്ചു. ഐസിഡിഎസ് സൂപ്പർ വൈസർ ജിൻസി പദ്ധതി വിശദീകരിച്ചു. തുടർന്ന് വയോജനങ്ങളുടെ കലാപരിപാടിയും അരങ്ങേറി.