ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന ഇരട്ടയാര്‍ മേഖലയില്‍ ആര്‍മിയുടെയും ഇരട്ടയാര്‍ സെന്റ് തോമസ് സ്‌കൂളിലെ എന്‍സിസിയുടെയും പ്രവര്‍ത്തനം ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് കരുത്താകുന്നു. അപകടഭീഷണി നേരിടുന്ന 180 വീടുകളിലെ കുടുംബാംഗങ്ങളെയാണ് ഇവരുടെ നേതൃത്വത്തില്‍ ഇരട്ടയാറിലെ ക്യാമ്പിലേക്കും ബന്ധുവീടുകളിലേക്കുമായി മാറ്റിയത്. കിടപ്പു രോഗികളെയും അവശരെയും വീടുകളില്‍ നിന്നും എടുത്താണ് വാഹനങ്ങളില്‍ കയറ്റി ക്യാമ്പിലെത്തിച്ചത്. ഡയാലിസിസ് നടത്തുന്നവരും ക്യാന്‍സര്‍രോഗികളും ഇക്കൂട്ടത്തിലുണ്ട്. തുടര്‍ ചികിത്സ ആവശ്യമുളളവരെ കട്ടപ്പനയിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
      അപകടഭീഷണി നിലനില്‍ക്കുന്ന വീടുകളില്‍ നിന്നും മാറുവാന്‍ തയ്യാറാകാതിരുന്നവരെ നേരില്‍ കണ്ട് കാര്യങ്ങളുടെ ഗുരുതരസ്ഥിതി ബോധ്യപ്പെടുത്തി ക്യാമ്പിലെത്തിക്കാനും ഇവര്‍ മറന്നില്ല. ഇത്തരം പ്രദേശങ്ങളില്‍ പിന്നീട് ഉരുള്‍പൊട്ടിയും മണ്ണിടിഞ്ഞും വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നെങ്കിലും വീട്ടുകാരെ മുന്‍പേ തന്നെ ക്യാമ്പിലെത്തിച്ചതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. ശാന്തിഗ്രാം – ഇടിഞ്ഞമല മേഖലയില്‍ വന്‍മല അടര്‍ന്ന് അപകടാവസ്ഥയില്‍ സ്ഥിതി ചെയ്യുന്നതും ഇടിഞ്ഞമല- കൊച്ചുകാമാക്ഷി റോഡ് നെടുകെ പിളര്‍ന്നിരിക്കുന്നതും സേനാംഗങ്ങള്‍ നേരിട്ടെത്തി പരിശോധിച്ചു. സമീപത്തുളളവരെ ക്യാമ്പിലേക്ക് മാറ്റുകയും പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കുകയും ചെയ്തു.
      ഇരട്ടയാര്‍ സെന്റ് തോമസ് സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പില്‍ 155 കുടുംബങ്ങളിലായി 391 പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്. ക്യാമ്പിലെത്തിയിരിക്കുന്നവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തുനല്കുന്നതോടൊപ്പം അവശരുടെയും വൃദ്ധജനങ്ങളുടെയും പരിചരണവും എന്‍സിസി കേഡറ്റുകള്‍  ഏറ്റെടുത്തിരിക്കുന്നു.  കൂടാതെ ക്യാമ്പും പരിസരവും ഇരട്ടയാര്‍ ടൗണുമെല്ലാം ശുചിയാക്കി ക്ലോറിനേഷനും നടത്തുന്നു. മേഖലയില്‍ അപകടാവസ്ഥയിലായ ചില വീടുകള്‍ ഇടിഞ്ഞുതാഴുന്നതായി ജനപ്രതിനിധികളെത്തി പറയുമ്പേള്‍ അവിടെ ദ്രുതഗതിയിലെത്തി അടിയന്തരക്രമീകരണങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളും നടത്തുന്നതും സൈനികരുള്‍പ്പെടെയുളള ഇവിടുത്തെ ടീമാണ്. ഇടിഞ്ഞുതാണ് അപകടാവസ്ഥയിലായ ഈട്ടിത്തോപ്പ്-കല്ലാര്‍ റോഡ് മണല്‍ചാക്കടുക്കി സൂരക്ഷിതമാക്കി താല്ക്കാലിക ഗതാഗതസൗകര്യം ഒരുക്കുവാനും ഇവര്‍ പ്രയത്‌നിച്ചു.
       33 കേരള ബറ്റാലിയന്‍ എന്‍സിസി നെടുങ്കണ്ടത്തിന്റെ കീഴില്‍ സുബേദാര്‍ രജിത്കുമാറിന്റെ നേതൃത്വത്തിലുളള 16 സൈനികരും ഇരട്ടയാര്‍ സെന്റ് തോമസ് സ്‌കൂള്‍ എന്‍സിസി ഓഫീസര്‍ ലെഫ്.ഡോ.റെജി ജോസഫിന്റെ നേതൃത്വത്തിലുളള 72 എന്‍സിസി കേഡറ്റുകളുമാണ് ഈ മലയോരമേഖലയിലെ ദുരിതാശ്വാസപ്രവര്‍ത്തനത്തില്‍ 24 മണിക്കൂറും കര്‍മ്മനിരതയായിരിക്കുന്നത്. ക്യാമ്പ് പിരിഞ്ഞുകഴിഞ്ഞാലും ക്യാമ്പിലെത്തിയവരുടെ വീടുകള്‍ സന്ദര്‍ശിക്കുകയും ശുചീകരണമോ വീട് താമസയോഗ്യമാക്കുവാന്‍ മറ്റ് പ്രവര്‍ത്തനങ്ങളോ ആവശ്യമുളള കുടുംബങ്ങള്‍ക്ക് എന്‍സിസിയുടെ നേതൃത്വത്തില്‍ അവ ചെയ്തു നല്കുമെന്ന് ഓഫീസര്‍ ലെഫ്.ഡോ. റെജി ജോസഫ് അറിയിച്ചു.