ആലപ്പുഴ: ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലെത്തുന്ന ഹെലികോപ്റ്ററുകളുടെ ലാൻഡിങ്ങ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് ചെങ്ങന്നൂർ ഐ.എച്.ആർ.ഡി. കോളേജിലെ പൂർവ്വ വിദ്യാർത്ഥിയും എയർഫോഴ്സ് സ്‌ക്വാഡ്രൺ ലീഡറുമായ അൻഷ വി. തോമസ്. കോയമ്പത്തൂരിലെ എയർഫോഴ്സ് സ്പേസിൽ നിന്നുള്ള സുലൂർ 40-ാം വിങ്ങിലെ സ്‌ക്വാഡ്രൺ ലീഡറാണ് അൻഷാ. ഇടുക്കി കഞ്ഞിക്കുഴി പഴയരിക്കണ്ടം വീട്ടിൽ നിന്നുള്ള അൻഷാ ചെങ്ങന്നൂർ ഐ.എച്.ആർ.ഡി. കോളേജിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്ങിലെ വിദ്യാർത്ഥി ആയിരുന്നു.
അൻഷയാണ് ഹെലികോപ്റ്ററുകൾ എവിടേക്ക് പോകണം, എവിടെയൊക്കെ ഭക്ഷണം വിതരണം ചെയ്യണം എന്നതുൾപ്പെടെയുള്ളവ നിയന്ത്രിക്കുന്നത്. സഹായത്തിനായി ചെങ്ങന്നൂർ കവിയൂർ സ്വദേശിയും എയർഫോഴ്സ് ഉദ്യോഗസ്ഥനുമായ മനു മോഹനും ഒപ്പമുണ്ട്. നിരന്തരം ഹെലികോപ്റ്ററുകൾ ഇവിടെ എത്തുകയും ടൺ കണക്കിന് ഭക്ഷ്യ വസ്തുക്കൾ വിതരണത്തിനായി കൊണ്ടു പോകുകയും ചെയ്യുന്നുണ്ട്. ഏതാണ്ട് അര മണിക്കൂർ ഇടവിട്ടാണ് ഹെലികോപ്റ്ററുകൾ എത്തി ഭക്ഷ്യ വിതരണം നടത്തി പോകുന്നത്. അതീവ ജാഗ്രതയോടെയാണ് എയർഫോഴ്സ് കോ-ഓർഡിനേഷൻ ടീമിന്റെ പ്രവർത്തനം.