കട്ടപ്പനയിലെ ബേസ് ക്യാമ്പില്‍ മുഴുവന്‍ സമയവും കര്‍മ്മ നിരതരായി ഇരുപതേക്കര്‍ താലൂക്ക് ആശുപത്രിയിലെ മെഡിക്കല്‍ ടീം  സേവനം കാഴ്ച വയ്ക്കുന്നു. മണ്ണിടിച്ചില്‍ ഭീഷണി നിലനിന്നിരുന്ന സ്ഥലത്തുനിന്നും ക്യാപിലെത്തിച്ചശേഷം ഹൃദയാഘാതം വന്ന അറുപതുകാരനും ബി.പി കൂടി അബോര്‍ഷന്‍ സാധ്യതയിലെത്തിയ ഗര്‍ഭിണിയുടെ ഗര്‍ഭസ്ഥശിശുവും അപകട നില തരണം ചെയ്തത് ഈ ആരോഗ്യവിഭാഗത്തിന്റെ അടിയന്തര ചികിത്സാ നടപടികളുടെ ഫലമാണ്. ഇരുവരും ഇപ്പോള്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ അപകട നിലതരണം ചെയ്ത് സുഖംപ്രാപിച്ചു വരുന്നു.
         ക്യാമ്പ് ആരംഭിച്ച 15-ാം തീയതി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നുളള അടിയന്തര നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇവിടെ ആരോഗ്യവിഭാഗം പ്രവര്‍ത്തിച്ചു തുടങ്ങിയത്. തുടര്‍ന്നിങ്ങോട്ട് എല്ലാ ദിവസവും ക്യാമ്പും പരിസരവും ക്ലോറിനേഷന്‍ ചെയ്ത് അണുവിമുക്തമാക്കുന്നതോടൊപ്പം ക്യാമ്പംഗങ്ങള്‍ക്ക് ജീവിതശൈലീരോഗ നിര്‍ണ്ണയവും ആരോഗ്യ നിര്‍ദ്ദേശവും നല്കിവരുന്നു. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക പരിചരണം നല്കുന്നു. ശിശുരോഗ വിദഗ്ധരടക്കം എല്ലാ വിഭാഗം ഡോക്ടര്‍മാരുടെ സേവനവും ക്യാമ്പില്‍ ലഭ്യമാക്കി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒ.പിയില്‍ എല്ലാ രോഗങ്ങള്‍ക്കും ചികിത്സ ലഭ്യമാണ്. കിടത്തി ചികിത്സ ആവശ്യമുളള രോഗികളെ താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്കുന്നു.  ക്യാമ്പിലെ എല്ലാ അംഗങ്ങള്‍ക്കും പ്രത്യേക മുന്‍കരുതല്‍ എന്ന നിലയില്‍ എലിപ്പനി പ്രതിരോധ മരുന്നും വിരമരുന്നും നല്കി. ക്യാമ്പില്‍ നിസ്വാര്‍ത്ഥ സേവനം നടത്തിവരുന്ന സന്നദ്ധപ്രവര്‍ത്തകര്‍, പാചക വിഭാഗം, ശുചീകരണ വിഭാഗം പ്രവര്‍ത്തകര്‍ക്കും ആരോഗ്യമുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ നല്കി.
      ക്യാമ്പിലെത്തിച്ച കിടപ്പുരോഗികളും കൂടുതല്‍ അവശരായവരും ആയ 14 പേരെ മികച്ച പരിചരണത്തിനും തുടര്‍ ചികിത്സയ്ക്കുമായി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കല്‍ ആഫീസര്‍ ഡോ.നിതിന്റെ നേതൃത്വത്തില്‍ രണ്ട് ഷിഫ്റ്റുകളിലായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും നഴ്‌സുമാരുമടക്കം 16 ജീവനക്കാരും രണ്ട് ആംബുലന്‍സും ക്യാമ്പില്‍ സേവനമനുഷ്ഠിക്കുന്നു. അഞ്ച് ഇതര ക്യാമ്പുകളില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ മെഡിക്കല്‍ സംഘങ്ങള്‍ക്ക് ഇവിടെ നിന്നും ആവശ്യമായ മരുന്നും വിതരണം ചെയ്യുന്നുണ്ട്. ക്യാമ്പുകളില്‍ നിന്നും വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് മതിയായ ആരോഗ്യ മുന്‍കരുതലുകളും മാര്‍ഗനിര്‍ദേശങ്ങളും നല്കിയാണ് ആരോഗ്യ വിഭാഗം യാത്രയാക്കുന്നത്. അലോപ്പതിക്കു പുറമെ ആയുര്‍വേദ, ഹോമിയോ വിഭാഗത്തിന്റെ സേവനവും ക്യാമ്പില്‍ പ്രവര്‍ത്തനസജ്ജമാണ്.