വനവാസി സമൂഹത്തിന്റെ സാമ്പത്തിക ഭദ്രത ലക്ഷ്യമാക്കി നടപ്പാക്കുന്ന ”വനൗഷധ സമൃദ്ധി” പദ്ധതി ഒട്ടേറെ കുടുംബംഗങ്ങള്‍ക്ക് ജീവിത വരുമാനമാകുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. വനൗഷധ സമൃദ്ധി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കാട്ടിക്കുളം ഇരുമ്പുപാലം ആദിവാസി കോളനിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വനാശ്രിത കുടുംബങ്ങളുടെ വരുമാനം ഔഷധ സസ്യകൃഷിയിലൂടെ വര്‍ദ്ധിപ്പിക്കാന്‍ കഴിയും. വനാതിര്‍ത്തികളിലെ കാര്‍ഷിക സംസ്‌ക്കാരത്തില്‍ മാറ്റം അനിവാര്യമാണ്. വന്യമൃഗശല്യം ഒരു പരിധിവരെ പരിഹരിക്കാന്‍ പദ്ധതിവഴി സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദേവസ്വം ബോര്‍ഡ്, ട്രൈഫെഡ്, ആയുര്‍വേദ വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ആയുര്‍വേദ വ്യവസായ മേഖലയിലും പൊതുവിപണിയിലും ഏറെ ആവശ്യക്കാരുള്ളതും വന്യ മൃഗങ്ങള്‍ നശിപ്പിക്കാത്തതുമായ മഞ്ഞള്‍, തുളസി എന്നീ സസ്യങ്ങളാണ് പദ്ധതിയിലൂടെ ആദ്യം കൃഷി ചെയ്യുക. ഔഷധ സസ്യകൃഷിയില്‍ ഏര്‍പ്പെടുന്ന വന സംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജനകീയ സമിതികളായ വി.എസ്.എസ്, ഇ.ഡി.സി അംഗങ്ങള്‍ക്ക് ആവശ്യമായ പരിശീലനവും സാങ്കേതിക സഹായവും കാര്‍ഷിക സര്‍വകലാശാലയും കൃഷി വകുപ്പും നല്‍കും. വിളവെടുക്കുന്ന ഔഷധ സസ്യങ്ങള്‍ മൂല്യവര്‍ദ്ധനം നടത്തി വനശ്രീ എന്ന ബ്രാന്‍ഡില്‍ പൊതു സമൂഹത്തിന് വനം വകുപ്പ് ലഭ്യമാക്കും.
ചടങ്ങില്‍ അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് രാജേഷ് രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ റുഖിയ സൈനുദ്ദീന്‍, ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് കെ.എസ് ദീപ, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ കെ.ജെ മാര്‍ട്ടിന്‍ ലോവല്‍, എ. ഷജ്‌ന, അസി. കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ജോസ് മാത്യു, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അബ്ദുള്‍ അസീസ്, ഊരുമൂപ്പന്‍ എം. മനോഹരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.