സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ നേതൃത്വത്തില്‍ 11-ാമത് കാര്‍ഷിക സെന്‍സസിന്റെ ഭാഗമായി ജില്ലയിലെ സൂപ്പര്‍വൈസര്‍മാര്‍ക്ക് ഏകദിനപരിശീലന പരിപാടി സംഘടിപ്പിച്ചു. ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി പി. ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡയറക്ടര്‍ പി.കെ ശ്രീജയ അധ്യക്ഷയായി. വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം നടക്കുന്ന കാര്‍ഷികസെന്‍സസില്‍ എന്യൂമറേറ്റര്‍മാര്‍ക്ക് സത്യസന്ധമായ വിവരങ്ങള്‍ കൈമാറി സഹകരിക്കണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ബി.ശ്രീകുമാര്‍ നേതൃത്വം നല്‍കി.

പരിശീലനപരിപാടിയില്‍ ജില്ലാ പ്ലാനിങ് ഓഫീസര്‍ കെ.ബി ബാബുകുമാര്‍, ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സി.പി സൈബുന്നീസ, ജില്ലാ തദ്ദേശസ്വയംഭരണ ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് സുബ്രഹ്‌മണ്യന്‍, ജില്ലാ ഓഫീസര്‍ ടി.കെ ജയപ്രകാശന്‍, റിസര്‍ച്ച് അസിസ്റ്റന്റ് പി.അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ ഏറനാട്, തിരൂര്‍, പെരിന്തല്‍മണ്ണ, പൊന്നാനി താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസുകളിലെ ജീവനക്കാര്‍ പങ്കെടുത്ത പരിശീലനപരിപാടിയില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി.കെ ശ്രീജയ, റിസര്‍ച്ച് ഓഫീസര്‍ ഇ.എസ് മനോജ്കുമാര്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.