ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. പദ്ധതി പുരോഗതി വിലയിരുത്തുന്നതിനായി കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പദ്ധതി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ക്കിടയില്‍ ഏകോപനമുണ്ടാക്കുന്നതിന് വകുപ്പ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഗ്രാമപഞ്ചായത്ത്, നിയമസഭാ മണ്ഡലം തലങ്ങളില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പ്രത്യേകം യോഗം ചേര്‍ന്ന് ജനകീയ ഇടപെടലുകള്‍ നടത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ഭൂമി ഉപയോഗിക്കുന്നതിന് ജില്ലാ കളക്ടര്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്. പദ്ധതിക്കായി സര്‍ക്കാര്‍ ഭൂമി ലഭ്യമല്ലെങ്കില്‍ സ്വകാര്യ ഭൂമി വാങ്ങുന്നതിന് എം.എല്‍.എമാരുടെ ആസ്തി വികസന ഫണ്ട് ഉപയോഗപ്പെടുത്തുന്നതിനായി ശ്രമിക്കും. അകാരണമായി പദ്ധതി പ്രവര്‍ത്തനങ്ങള്‍ വൈകിക്കുന്ന കരാറുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
7.98 ലക്ഷം കുടിവെള്ള കണക്ഷനുകളാണ് പദ്ധതി പ്രകാരം ജില്ലയില്‍ നല്‍കാനുള്ളത്. ഇതില്‍ 2.92 ലക്ഷം കണക്ഷനുകള്‍ നല്‍കിയിട്ടുണ്ട്. നിലവില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കണക്ഷന്‍ നല്‍കിയത് ജില്ലയിലാണ്. ശുദ്ധമായ കുടിവെള്ളം ലഭ്യമാകുന്നുണ്ടോ എന്നത് പ്രധാന വിഷയമാണെന്നും സംസ്ഥാനത്തെ മുഴുവന്‍ മേഖലകളിലും ശുദ്ധമായ കുടിവെള്ളം എത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും 2024 ആകുമ്പോഴേക്കും സംസ്ഥാനത്ത് എല്ലാ വീടുകളിലും ടാപ് വഴി വെള്ളം എത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ മണ്ഡലങ്ങളിലെയും ഗ്രാമപഞ്ചായത്തുകളിലെയും പ്രശ്‌നങ്ങള്‍ ജനപ്രതിനിധികള്‍ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി.
കേന്ദ്രസര്‍ക്കാരിന്റെ 45 ശതമാനം വിഹിതവും സംസ്ഥാന സര്‍ക്കാരിന്റെ 30 ശതമാനം വിഹിതവും ഗ്രാമപഞ്ചായത്തിന്റെ 15 ശതമാനം വിഹിതവും അടക്കം ആകെ 90 ശതമാനം ഗവണ്‍മെന്റ് സബ്സിഡിയും 10 ശതമാനം ഗുണഭോക്തൃ വിഹിതവും എടുത്ത് മൂന്നുവര്‍ഷം കൊണ്ട് കേരളത്തിലെ 50 ലക്ഷം വരുന്ന മുഴുവന്‍ ഗ്രാമീണ കുടുംബങ്ങള്‍ക്കും ശുദ്ധമായ കുടിവെള്ളം പൈപ്പ് വഴി ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ് ജല്‍ ജീവന്‍ മിഷന്‍.