കൊച്ചി: പ്രളയക്കെടുതിയുടെ ദുരിതം പേറുന്ന ലക്ഷക്കണക്കിന് ജനങ്ങള്‍ക്കാവശ്യമായ ഭക്ഷണം, മരുന്ന്, ശുചീകരണ വസ്തുക്കള്‍ തുടങ്ങിയ സാധന സാമഗ്രികളുടെ ശേഖരണത്തിലും വിതരണത്തിലും മഹത്തായ മാതൃക സൃഷ്ടിക്കുകയാണ് കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി സ്പോര്‍ട്ട്സ് സെന്ററിലെ ഔദ്യോഗിക വിഭവ ശേഖരണ കേന്ദ്രം. സാധനങ്ങള്‍ ശേഖരിക്കുന്നതിനും തരംതിരിക്കുന്നതിനും പാക്ക് ചെയ്യുന്നതിനും വിതരണത്തിനായി അവശ്യസ്ഥലങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതിനും കൈ, മെയ് മറന്നുള്ള കൂട്ടായ പ്രയത്നമാണിവിടെ കഴിഞ്ഞ 12 ദിവസങ്ങളായി നടന്നത്.
സംസ്ഥാനം ഇതുവരെ കാണാത്ത പ്രളയക്കെടുതിയെ തുടര്‍ന്ന് ദുരന്ത ബാധിതര്‍ക്കുള്ള വിഭവ ശേഖരണത്തില്‍ സമാനതകളില്ലാത്ത ആശ്വാസ പ്രവാഹത്തിന്റെ നേര്‍ക്കാഴ്ചയാണ് കടവന്ത്ര ആര്‍എസ്സിയില്‍. അതിജീവനത്തിനായുള്ള ഒരു സമൂഹത്തിന്റെ പോരാട്ടത്തില്‍ പൊതുജനങ്ങളും ഏകോപന ഉദ്യോഗസ്ഥരും ജില്ല ഭരണകൂടവും വൊളന്റിയര്‍മാരും സേനാവിഭാഗങ്ങളും ഒറ്റക്കെട്ടായി മുന്നേറുന്ന കാഴ്ചയാണ് ഇവിടെ കണ്ടത്. ജില്ലാ കളക്ടര്‍ കെ.മുഹമ്മദ് വൈ സഫീറുള്ള, സ്പെഷ്യല്‍ ഓഫീസര്‍ എ.പി.എം മുഹമ്മദ് ഹനീഷ്, എം.ജി. രാജമാണിക്യം, ജാഫര്‍ മാലിക് എന്നിവരുടെ നേതൃത്വത്തില്‍ സന്നദ്ധപ്രവര്‍ത്തകരുടെ സഹകരണത്തോടെയാണ് ശേഖരണ കേന്ദ്രം പ്രവര്‍ത്തിച്ചത്. അന്‍പൊട് കൊച്ചി, നാഷണല്‍ അക്കാഡമി ഫോര്‍ പ്രീ റിക്രൂട്ട്മെന്റ് ട്രെയിനിംഗ്, എന്‍എസ്എസ്, എന്‍സിസി വൊളന്റിയര്‍മാരും നിരവധി ചലച്ചിത്ര, കായികതാരങ്ങളും പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചു.
പ്രളയക്കെടുതിയില്‍പ്പെട്ടവര്‍ക്ക് ആശ്വാസമേകാനായി ഓഗസ്റ്റ് 11 മുതലാണ് കടവന്ത്രയിലെ ശേഖരണ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചത്. ആദ്യഘട്ടത്തില്‍ പ്രളയം ദുരിതം വിതച്ച ആലപ്പുഴ, പത്തനംതിട്ട ഇടുക്കി, വയനാട് മേഖലകളിലേക്കാണ് ഇവിടെ നിന്ന് ഭക്ഷണപ്പൊതികളും മരുന്നും കയറ്റി അയച്ചിരുന്നത്. പിന്നീട് എറണാകുളം ജില്ലയില്‍ പ്രളയം രൂക്ഷമായതോടെ ഇവിടെയും വിവിധ കേന്ദ്രങ്ങളിലേക്കും ക്യാംപുകളിലേക്കും സാധനം കയറ്റി അയച്ചു തുടങ്ങി. പ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞ 12 ദിവസമായി 540 ഓളം ലോറികളിലായി 3000 ടണ്ണോളം അവശ്യ സാധനങ്ങളും, മരുന്നുകളും ദുരിതബാധിതര്‍ക്ക് എത്തിച്ചതായി കേന്ദ്രീകൃത ശേഖരണ കേന്ദ്രത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതലയുള്ള സ്പെഷ്യല്‍ ഓഫീസര്‍ എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു. ഇതില്‍ 650 ടണ്ണോളം എയര്‍ ഡ്രോപ്പിനായി ഹെലികോപ്റ്ററില്‍ നല്‍കി.
ശരാശരി 300 ടണ്‍ സാധനങ്ങളാണ് ഇവിടെ നിന്നും ലോറികളിലും ലഘുഭാര വാഹനങ്ങളിലും കയറ്റി അയയ്ക്കുന്നത്. കോസ്റ്റ് ഗാര്‍ഡിന്റെയും നേവിയുടെ ഹെലികോപ്ടറുകളാണ് ദുരിത ബാധിത കേന്ദ്രങ്ങളില്‍ ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തത്. സംസ്ഥാനത്തുടനീളം ദുരിതബാധിതരായ 8.5 ലക്ഷം പേരില്‍ നാല് ലക്ഷം പേര്‍ക്കും കടവന്ത്രയിലെ കേന്ദ്രത്തില്‍ സമാഹരിച്ച സാധന സാമഗ്രികള്‍ എത്തിക്കാന്‍ കഴിഞ്ഞു. സംസ്ഥാനത്തുണ്ടായ ദുരന്തത്തില്‍ നിരവധി പേര്‍ക്ക് ആശ്വാസം പകരാന്‍ ദുരിതബാധിതര്‍ക്കായുള്ള സംസ്ഥാനത്തെ ഏറ്റവും വലിയ ശേഖരണ കേന്ദ്രത്തിന് കഴിഞ്ഞു. വിവിധ വകുപ്പുകളുടെ സമഗ്ര ഏകോപനത്തിലൂടെയാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മുന്നേറിയത്. രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസവും ഇതേ രീതിയില്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
പ്രളയം രൂക്ഷമായ ഓഗസ്റ്റ് 16 മുതല്‍ ശേഖരണ കേന്ദ്രത്തിലേക്കുള്ള സാധനങ്ങളുടെ ഒഴുക്ക് വര്‍ധിച്ചു. ആറു സംസ്ഥാനങ്ങളില്‍ നിന്നും വിദേശ മലയാളികളില്‍ നിന്നും സഹായമെത്തി. കേടാകാത്ത ഭക്ഷണവും കുപ്പിവെള്ളവുമടങ്ങിയ ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്തിരുന്നത്. മരുന്നുകളും വസ്ത്രങ്ങളും വിതരണം ചെയ്തു. പ്രളയത്തിന്റെ രൂക്ഷത കുറഞ്ഞതോടെ വീടുകളിലേക്ക് തിരിച്ചെത്തുന്നവര്‍ക്ക് വീട് ശുചീകരിക്കുന്നതിനുള്ള വസ്തുക്കളാണ് എത്തിയിരുന്നത്. ഗ്ലൗസ്, ഗം ബൂട്ട്, ക്ലീനിംഗ് മോപ്പ്, ബ്ലീച്ചിംഗ് പൗഡറുകള്‍, ലോഷനുകള്‍, മാസ്‌കുകള്‍, ബക്കറ്റുകള്‍ എന്നിവ ധാരാളമായെത്തി. വിവിധ സാധനങ്ങളുടെ മിക്സഡ് പാക്കുകളും എത്തി. 300 ഓളം വൊളന്റിയര്‍മാരുടെ സഹായത്തോടെയാണ് സാധനങ്ങളുടെ ശേഖരണവും പാക്കിംഗും വിതരണവും നിര്‍വഹിച്ചത്.
ദുരിതബാധിതര്‍ക്കായുള്ള സാധനങ്ങള്‍ ചിലര്‍ വ്യാജമായി ആവശ്യപ്പെടുന്നുവെന്നും ദുരിതബാധിതര്‍ക്കുള്ള സാധനങ്ങള്‍ ഉപയോഗിച്ച് തട്ടിപ്പ് നടക്കുന്നതായും പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഔദ്യോഗിക സാക്ഷ്യപത്രം ഹാജരാക്കി മാത്രമേ  കേന്ദ്രത്തില്‍ നിന്ന് സാധനങ്ങള്‍ ലഭ്യമാക്കിയിരുന്നുള്ളൂ. താലൂക്ക് ഓഫീസറുടെയോ വില്ലേജ് ഓഫീസറുടെയോ ക്യാംപിന്റെ ചാര്‍ജ് ഓഫീസറുടെയോ കത്ത് നിര്‍ബന്ധം. സാധനങ്ങള്‍ ആവശ്യപ്പെട്ട് എത്തുന്നവര്‍ ഈ കത്തും ക്യാപിലേക്ക് ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റുമായി കൗണ്ടറില്‍ എത്തണം. അടുത്ത കൗണ്ടറില്‍ വെരിഫിക്കേഷന്‍ നടക്കും. ആവശ്യം യഥാര്‍ഥമാണെന്ന് ഫോണില്‍ ബന്ധപ്പെട്ട് ഉറപ്പാക്കും. തുടര്‍ന്നുള്ള കൗണ്ടറില്‍ ഓരോ ലിസ്റ്റിനും ടോക്കണ്‍ നല്‍കി പാക്കിംഗ് കൗണ്ടറുകളിലേക്ക് അയയ്ക്കും. സാധനങ്ങളുടെ വിതരണത്തിനായി എക്സ്പ്രസ് കൗണ്ടര്‍, ബള്‍ക്ക് കൗണ്ടര്‍ എന്നീ രണ്ട് കൗണ്ടറുകളാണുള്ളത്. പത്തില്‍ താഴെ മാത്രം സാധനങ്ങളുടെ വിതരണമാണ് എക്സ്പ്രസ് കൗണ്ടറില്‍ വിതരണം ചെയ്യുന്നത്. കൂടുതല്‍ സാധനങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ ബള്‍ക്ക് കൗണ്ടറിലൂടെ ലോറികളില്‍ ലോഡുകളാക്കി അയയ്ക്കും.
അരി, പലവ്യജ്ഞന സാധനങ്ങളടക്കം എല്ലാ സാധനങ്ങളും ഇവിടെ ശേഖരിച്ചിരുന്നു. ഇവ ഓരോന്നും തരംതിരിച്ച് വ്യത്യസ്ത പൊതികളാക്കി വെക്കും. ഓരോ വിഭാഗത്തിലുമുള്ള സാധനങ്ങളുടെ ചുമതല വൊളന്റിയര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്. ഓരോ മണിക്കൂറിലും തങ്ങളുടെ കൈവശമുള്ള സ്റ്റോക്കിന്റെ വിവരങ്ങള്‍ ഇവര്‍ അപ്‌ഡേറ്റ് ചെയ്യും. പാക്കിംഗ് വിഭാഗത്തിലുള്ളവര്‍ ടോക്കണ്‍ ലഭിക്കുന്ന മുറയ്ക്ക് തരംതിരിച്ച് വച്ചിട്ടുള്ള സാധനങ്ങള്‍ ലോറിയില്‍ കയറ്റി അയയ്ക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കും. ഈ രീതിയിലായിരുന്നു ശേഖരണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം.
രാവിലെ ഏഴു മുതല്‍ രാത്രി ഒരു മണിവരെയാണ് ശേഖരണവും പാക്കിഗും വിതരണവുമെല്ലാം നടന്നിരുന്നത്. വിദേശത്തു നിന്ന് കണ്ടെയ്നറുകളില്‍ എത്തിയ സാധനങ്ങള്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ഇവിടെ എത്തിച്ചിരുന്നതായി മുഹമ്മദ് ഹനീഷ് പറഞ്ഞു. വ്യാപാരി സമൂഹവും വിദേശ, ഇതര സംസ്ഥാന മലയാളികളും മലയാളികളല്ലാത്തവരും വലിയ പിന്തുണയാണ് നല്‍കിയത്. കൊച്ചി മെട്രോ 16-ാം തീയതി വൈകിട്ട് നാലു മണി മുതല്‍ സൗജന്യ സര്‍വീസ് നടത്തിയിരുന്നു. ആലുവ-എറണാകുളം റൂട്ടില്‍ എല്ലാ മാര്‍ഗങ്ങളും അടഞ്ഞതോടെ മെട്രോ മാത്രമായി ആശ്രയം. മെട്രോയില്‍ 600 ടണ്‍ ഭക്ഷ്യധാന്യമാണെത്തിച്ചത്ആലുവ മെട്രോ സ്റ്റേഷന്‍ വിതരണ കേന്ദ്രമായും പ്രവര്‍ത്തിച്ചു. കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ ദ്വീപ് സമൂഹങ്ങളിലൂടെ റോ റോ ജങ്കാര്‍ സര്‍വീസ് നടത്തിയത് പ്രയോജനകരമായി. കൂടാതെ പറവൂര്‍ മേഖലയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് വള്ളങ്ങള്‍ എത്തിച്ചതും ജങ്കാറിലായിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കടവന്ത്ര റീജ്യണല്‍ സ്പോര്‍ട്ട്സ് സെന്റര്‍ പൂര്‍ണ്ണമായും വിട്ടു നല്‍കാന്‍ ആര്‍എസ്സി സെക്രട്ടറി എസ്എഎസ് നവാസും തയാറായി.
ജനങ്ങളുടെ സൗകര്യാര്‍ഥം കടവന്ത്രയിലെ അവശ്യ സാധനങ്ങളുടെ വിതരണം ആലുവ, പറവൂര്‍ താലൂക്ക് ഓഫീസുകളിലേക്കും തൃക്കാക്കര ടൗണ്‍ ഹാളിലേക്കും മാറ്റിയിട്ടുണ്ട്. റീജണല്‍ സ്പോര്‍സ് സെന്റര്‍ ആറ് ദുരിതബാധിത ജില്ലകളുടെ റീജണല്‍ റിലീഫ് സെന്റര്‍ ആയി പ്രവര്‍ത്തിക്കും.