കാക്കനാട്: പ്രളയക്കെടുതിയില്‍ രോഗബാധയേറ്റ മൃഗങ്ങള്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിന് ആഗസ്റ്റ് 23 മുതല്‍ ജില്ലയില്‍ 40 മൃഗാരോഗ്യ മൊബൈല്‍ ക്ലിനിക്കുകള്‍ നടത്തുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. പ്രളയം സാരമായി ബാധിച്ച ആലുവ, നോര്‍ത്ത് പറവൂര്‍, മൂവാറ്റുപുഴ താലൂക്കുകളിലെ വെള്ളപ്പൊക്ക ബാധിത പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാണ് ക്ലിനിക്കുകള്‍ നടത്തുക. രണ്ടു മുതല്‍ മൂന്നു വരെ വെറ്ററിനറി ഡോക്ടര്‍മാരുടെ സേവനം ക്യാമ്പുകളില്‍ ഉറപ്പുവരുത്തും.
പഞ്ചായത്ത് അധികൃതരുമായി ചര്‍ച്ച ചെയ്താണ് ക്യാമ്പിനുള്ള സ്ഥലവും സമയവും തെരഞ്ഞെടുക്കുക. മൃഗങ്ങളെ ക്യാമ്പിലെത്തിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ സ്ഥലത്തെത്തി ചികിത്സ ഉറപ്പാക്കുമെന്ന് ചീഫ് വെറ്ററിനറി ഓഫീസര്‍ അറിയിച്ചു. മൃഗങ്ങള്‍ക്ക് മരുന്നും ധാതുലവണ മിശ്രിതവും നല്‍കും. അഞ്ചു ടണ്‍ ധാതുലവണ മിശ്രിതം വിതരണം ചെയ്യാന്‍ ലഭ്യമാക്കിയതായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. പറവൂര്‍ താലൂക്കിലും വൈപ്പിന്‍ ബ്ലോക്കിലുമായി വിതരണം ചെയ്യാന്‍ 30 ടണ്‍ കാലിത്തീറ്റയും എത്തിയിട്ടുണ്ട്.
ഓരോ ക്യാമ്പിനും 20,000 രൂപ വീതമാണ് മൃഗ സംരക്ഷണ വകുപ്പ് അനുവദിച്ചിട്ടുള്ളത്. പ്രാഥമിക കണക്കെടുപ്പസരിച്ച് 4773 മൃഗങ്ങളും 1,78,544 പക്ഷികളും ചത്തൊടുങ്ങുകയും 1679 കാലിത്തൊഴുത്തുകള്‍ തകരുകയും ചെയ്തിട്ടുണ്ട്.