* മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കാല്‍ നൂറ്റാണ്ടിനുശേഷം സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് സംഘടിപ്പിക്കുന്ന ദേശീയ പക്ഷി-മൃഗ പ്രദര്‍ശനം നാളെ (നവംബര്‍ 10) മുതല്‍ ആശ്രാമം മൈതാനത്ത് ആരംഭിക്കും. മൂന്ന് ദിവസം നീളുന്ന മേള നവംബര്‍ 10 ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.രാജു അദ്ധ്യക്ഷനായിരിക്കും.
രാജ്യത്തെ മൃഗപക്ഷി ശേഖരത്തിന്റെ വിപുലമായ അവതരണമാണ് പ്രദര്‍ശനം ലക്ഷ്യമിടുന്നത്. നമ്മുടെ നാട്ടിലേയും മറുനാട്ടിലേയും കാലിജനുസ്സുകള്‍, ആടിനങ്ങള്‍, താറാവ്, കോഴി, കാട, പക്ഷികള്‍, മുയല്‍, പന്നി തുടങ്ങിയ ചെറിയ വെളുത്ത എലി മുതല്‍ വലിയ കറുത്ത ആന വരെയുള്ള ജീവജാലങ്ങളെ പ്രദര്‍ശനത്തില്‍ അണിനിരത്തും. നാമാവശേഷമായിക്കൊണ്ടിരിക്കുന്ന നാട്ടുമൃഗങ്ങളേയും പക്ഷികളേയും അറിയാനും കാണാനും കൂടി പ്രദര്‍ശനം ഉപകരിക്കും.
അരുമ മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കുമായി വിപുലമായ പവലിയനുകളാണ് ഒരുങ്ങുന്നത്. നൂറോളം വരുന്ന നായ് ജനുസ്സുകള്‍, പ്രാവിനങ്ങള്‍, തത്തകള്‍, ഫിഞ്ചുകള്‍, അരുമകളായ ഉരഗങ്ങള്‍, വര്‍ണമത്സ്യങ്ങള്‍, വളര്‍ത്തുമത്സ്യങ്ങള്‍ എന്നിവയും മേളയില്‍ സ്ഥാനംപിടിക്കും. സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളുടേതായി 350 ഓളം സ്റ്റാളുകളാണ് പ്രദര്‍ശനത്തിലുണ്ടാവുക.
നവസംരംഭകരെ ഉദ്ദേശിക്കുന്ന ബിസിനസ് മീറ്റുകള്‍, കര്‍ഷകര്‍ക്കായുള്ള സെമിനാറുകള്‍, കാര്‍ഷിക മൃഗസംരക്ഷണ മേഖലയിലെ ഉപകരണങ്ങളുടെ പ്രദര്‍ശനം എന്നിവയും മേളയിലുണ്ടാവും. നവംബര്‍ 10 ന് ബാബൂ സിംഫണി, നവംബര്‍ 11 ന് ശനിയാഴ്ച ആനയെ അറിയാനായി രാവിലെ 10 ന് അവസരമുണ്ട്. ഉച്ചയ്ക്ക് മൂന്നിന് പെറ്റ്‌ഷോയും പോലീസ് ശ്വാനസേനയുടെ അഭ്യാസപ്രകടനങ്ങളും ഉണ്ടാകും. വൈകിട്ട് അഞ്ചിന് വയലിന്‍ ഫ്യൂഷന്‍, ഏഴിന് ഉമ്പായിയുടെ ഗസല്‍സന്ധ്യ, 12 ന് വാവാ സുരേഷ് അവതരിപ്പിക്കുന്ന പാമ്പിനെ പരിചയപ്പെടാം എന്ന പരിപാടിയും സ്പീഡ് കാര്‍ട്ടൂണിസ്റ്റ് ജിതേഷ്ജി അവതരിപ്പിക്കുന്ന വരയരങ്ങ്, താമരക്കുടി കരുണാകരന്‍ മാസ്റ്ററുടെ ഓട്ടന്‍തുള്ളല്‍, ജി. വേണുഗോപാലിന്റെ ഗാനമേള എന്നിവയും ഉണ്ടാകും. 13 ന് സമാപന സമ്മേളനത്തില്‍ മന്ത്രിമാരായ ഡോ. ടി.എം. തോമസ് ഐസക്, വി.എസ്. സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുക്കും. ഉച്ചയ്ക്ക് രണ്ടിന് മൃഗസംരക്ഷണ മേഖലയിലെ പ്രശ്‌നങ്ങളും പരിഹാരമാര്‍ഗങ്ങളും എന്ന വിഷയത്തില്‍ മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജുവും കര്‍ഷകരും പങ്കെടുക്കുന്ന മുഖാമുഖം പരിപാടി ഉണ്ടാവും. വൈകിട്ട് ഏഴിന് കെ.പി.എ.സി. യുടെ നാടകം ഇഡിപ്പസ് പ്രദര്‍ശിപ്പിക്കും. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, ജെ.മേഴ്‌സിക്കുട്ടിയമ്മ, പി. തിലോത്തമന്‍, കടകംപള്ളി സുരേന്ദ്രന്‍, മേയര്‍ വി. രാജേന്ദ്രബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജഗദമ്മ ടീച്ചര്‍, വകുപ്പ് ഡയറക്ടര്‍ ഡോ. എന്‍.എന്‍.ശശി, ജില്ലയിലെ നിയമസഭാ സാമാജികര്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.