* ഭിന്നശേഷി വിദ്യാർഥികൾക്കുള്ള ഉപകരണ വിതരണം ഉദ്ഘാടനം ചെയ്തു
പാർശ്വവത്കരിക്കപ്പെട്ടവരില്ലാത്ത വിദ്യാർഥിസമൂഹത്തെ സൃഷ്ടിക്കുകയാണ് സർക്കാർ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. സർവശിക്ഷാ അഭിയാന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഭിന്നശേഷി കുട്ടികളുടെ ഉപകരണ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മണക്കാട് സത്രം സ്‌കൂളിൽ നിർവഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരെയും ഉൾക്കൊണ്ടുള്ള വിദ്യാഭ്യാസത്തിന്റെ എല്ലാ അർഥതലവും വികസിപ്പിച്ച് ഭിന്നശേഷിയുള്ളവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരും. എല്ലാവരെയും ഒരുപോലെയല്ല, ഓരോരുത്തരെയും അവരുടെ കഴിവുകളനുസരിച്ചാണ് കാണേണ്ടത്. അവരുടെ ശേഷി കണ്ടെത്തി വികസിപ്പിക്കുന്നതിലാണ് വിജയം. ഭിന്നശേഷിയുള്ള വിദ്യാർഥികൾക്ക് ഇത്തരത്തിലുള്ള പ്രോത്‌സാഹനം നൽകുന്ന ആത്മവിശ്വാസം വലുതാണെന്നും അദ്ദേഹം പറഞ്ഞു. നവീകരിച്ച ഓട്ടിസം സെൻററിന്റെയും തെറാപ്പി യൂണിറ്റുകളുടെയും ഉദ്ഘാടനവും എ്‌സ്‌കോർട്ടിംഗ് അലവൻസ് വിതരണവും നിർവഹിച്ചു. ചടങ്ങിൽ മേയർ വി.കെ. പ്രശാന്ത് അധ്യക്ഷത വഹിച്ചു. എസ്.എസ്.എ കേരളം സ്‌റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ. എ.പി. കുട്ടികൃഷ്ണൻ, നഗരസഭാ കൗൺസിലർ എസ്. സുരേഷ്, വിദ്യാഭ്യാസ ഉപജില്ലാ ഡയറക്ടർ റ്റി.വി. രമണി, എസ്.എസ്.ഒ എസ്.എസ്.എ സാം ജി. ജോൺ, ഡി.പി.ഒ ബി. ശ്രീകുമാരൻ, സ്‌കൂൾ ഹെഡ്മിസ്ട്രസ് എസ്. പുഷ്‌കല കുമാരി, യു.ആർ.സി സൗത്ത് ബി.പി.ഒ എ. നജീബ് എന്നിവർ സംബന്ധിച്ചു.