”സ്ത്രീകളുടെ സമൂഹത്തിലെ പദവിയെ സ്വാധീനിക്കുന്ന എന്ത് മാറ്റമാണ് കുടുംബശ്രീ സൃഷ്ടിച്ചത്?” ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് ചോദിച്ചു. കനകക്കുന്നിലെ വേദിയിൽ നിറഞ്ഞിരുന്ന കുടുംബശ്രീ അംഗങ്ങളോടായിരുന്നു ചോദ്യം. മറുപടിയുമായി ആദ്യം മൈക്കിനു മുന്നിലെത്തിയത് വാഴപ്പിള്ളി സ്വദേശി സുബിന. പിന്നാലെ എറണാകുളം സ്വദേശി അച്ചാമ്മ ഏലിയാസും തിരുവനന്തപുരത്തെ പ്രിയദർശിനിയും എത്തി. ” പണ്ടൊക്കെ സ്ത്രീകൾ ചെയ്തിരുന്ന ജോലി കാണാപ്പണിയായിരുന്നു,” കുടുംബശ്രീ സ്ത്രീകളുടെ മറുപടി മന്ത്രിക്ക് ഇഷ്ടപ്പെട്ടു. കൈയടിച്ചാണ് മന്ത്രി അവരെ പ്രോത്‌സാഹിപ്പിച്ചത്. മൂന്നു പേർക്കും ഓരോ പുസ്തകം വീതം മന്ത്രി സമ്മാനമായി നൽകി. മൃഗസംരക്ഷണ വകുപ്പും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിച്ച കുടുംബശ്രീ ചിക്കൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.  പണ്ട് സ്ത്രീകൾ ചെയ്തിരുന്ന ജോലികൾ വിലമതിക്കപ്പെട്ടിരുന്നില്ല. ഇന്ന് സ്ഥിതി മാറി. കുടുംബത്തിൽ പുരുഷനൊപ്പം വരുമാനം നേടുന്ന വ്യക്തിയായി കുടുംബശ്രീയുടെ വരവോടെ സ്ത്രീകൾ മാറി. സ്ത്രീകൾക്ക് വരുമാനം ലഭ്യമാക്കുന്നതിനൊപ്പം വലിയൊരു സാമൂഹ്യ ഇടപെടലാണ് കുടുംബശ്രീ നടത്തുന്നത്. കാർഷിക മേഖലയിൽ ആസൂത്രിമായി ഇടപെടാൻ കുടുംബശ്രീയ്ക്ക് സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളുടെയും മുട്ടയുടെയും വിതരണം മന്ത്രി നിർവഹിച്ചു.  മുട്ട, ഇറച്ചി എന്നിവയുടെ ഉത്പാദനത്തിൽ കേരളത്തെ സ്വയം പര്യാപ്തതയിലെത്തിക്കാൻ പുതിയ പദ്ധതിക്ക് സാധിക്കുമെന്ന് മൃഗസംരക്ഷണ മന്ത്രി കെ. രാജു പറഞ്ഞു. കുടുംബശ്രീയിലൂടെ കേരളത്തിലെ സ്ത്രീകളുടെ പദവി ഉയർന്നതായും അദ്ദേഹം പറഞ്ഞു. സി. ഐ. ജി ഫണ്ട് വിതരണത്തിന്റെയും മൃഗസംരക്ഷണ വകുപ്പ് കുടുംബശ്രീ ജി. ഐ. എസ് സംയോജനത്തിന്റേയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു.  അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്ക് നിയമ സഹായം ലഭ്യമാക്കുന്ന പദ്ധതി ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ. ടി. ജലീൽ പറഞ്ഞു. ആദ്യ ഘട്ടത്തിൽ ഓരോ ജില്ലയിലും ഒരു അഭിഭാഷകയെ വീതം ഇതിനായി ചുമതലപ്പെടുത്തും. ഇതുസംബന്ധിച്ച് ധനമന്ത്രിയുമായി ചർച്ച നടത്തിയതായി മന്ത്രി കെ. ടി. ജലീൽ അറിയിച്ചു. കുടുംബശ്രീയുടെ ഭക്ഷ്യസുരക്ഷാ ഭവനം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു കുടുംബത്തിൽ നിന്ന് മുതിർന്ന രണ്ടാമതൊരു വ്യക്തിക്കു കൂടി കുടുംബശ്രീ അംഗത്വം നൽകും. ഇതോടെ മൊത്തം 90 ലക്ഷം അംഗങ്ങളാവും. നൂതനമായ വിവിധ പദ്ധതികൾ കുടുംബശ്രീ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.  കെ. മുരളീധരൻ എം. എൽ. എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. മധു, മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി അനിൽ എക്‌സ്., കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ എസ്. ഹരികിഷോർ, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. എൻ. എൻ. ശശി, കെപ്‌കോ ചെയർപേഴ്‌സൺ കെ. ചിഞ്ചു റാണി, കൗൺസലർ പാളയം രാജൻ എന്നിവർ പങ്കെടുത്തു.