എല്ലാ സ്കൂളുകളിലും മികച്ച പഠനാനുഭവം ഉറപ്പാക്കി സർക്കാർ സ്കൂളുകളിലേക്ക് കൂടുതൽ കുട്ടികളെ ആകർഷിക്കാൻ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും ഹെഡ്മാസ്റ്റർമാർക്കും കഴിയുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. സീമാറ്റ്-കേരളയുടെ ആഭിമുഖ്യത്തിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരുടെ സംസ്ഥാനതല അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞവർഷം സർക്കാരിന്റെയും അധ്യാപകരുടെ എല്ലാവരുടേയും കൂട്ടായ്മയുടെ ഭാഗമായി പൊതു വിദ്യാലയങ്ങളിൽ പ്രവേശനത്തിനെത്തിയ കുട്ടികളുടെ എണ്ണത്തിൽ കുത്തനെ വർധനവുണ്ടായി. ഇങ്ങനെ സ്വകാര്യ വിദ്യാലയങ്ങൾ ഉപേക്ഷിച്ചെത്തിയവർക്ക് മികച്ച പഠനാനുഭവം നൽകാനാകണം. എന്നാലേ, കൂടുതൽ കുട്ടികളെ അടുത്തവർഷം ആകർഷിക്കാനാകൂ. അക്കാദമിക മികവ് ഉറപ്പാക്കാൻ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരുടെ മേൽനോട്ടം പ്രധാനമാണ്.
ജനകീയ വിദ്യാഭ്യാസം നടപ്പാക്കുകയാണ് ലക്ഷ്യം. ഇതിനായി എല്ലാവരുടേയും അഭിപ്രായങ്ങളും പ്രയാസങ്ങളും മനസിലാക്കണം. പുസ്തകങ്ങൾ എല്ലാ സ്കൂളുകളിലും എത്തുന്നുവെന്ന് ഉറപ്പാക്കണം.
അടുത്ത ഫെബ്രുവരി ഒന്നിന് എല്ലാ സ്കൂളുകളിലും അക്കാദമിക മാസ്റ്റർ പ്ലാൻ തയാറാക്കി ജനങ്ങൾക്ക് അവതരിപ്പിക്കും. ഇതിനായി ജനുവരിയിൽ തന്നെ സ്കൂളുകൾ മാസ്റ്റർ പ്ലാൻ തയാറാക്കണമെന്ന് മന്ത്രി ഓർമിപ്പിച്ചു.
സ്കൂളുകൾക്കൊപ്പം ആകുന്നതിനൊപ്പം എ.ഇ.ഒ, ഡി.ഇ.ഒ ഓഫീസുകളും ഹൈടെക് ആകും. അതിനനുസരിച്ച് പ്രവർത്തിക്കാനും നേതൃത്വം വഹിക്കാനും ഉദ്യോഗസ്ഥർക്കാകണം.
വിദ്യാലയങ്ങളിൽ ജനകീയമായ അനുഭവമുണ്ടാക്കാൻ കഴിയണം. പശ്ചാത്തല സൗകര്യം ഒരുക്കാൻ തയാറാണ്. അത് കൃത്യമായി ഉപയോഗിക്കാനാകണം. ഈ വർഷം ഹയർസെക്കൻഡറിയും ഹൈസ്കൂളുകളും ഹൈടെക്കാകും. യു.പി, എൽ.പി വിഭാഗങ്ങൾ 2018-19 വർഷം ഹൈടെക്കാക്കുന്നതിന്റെ ഭാഗമായി കേന്ദ്രീകൃത കമ്പ്യൂട്ടർ ലാബുകൾ സ്ഥാപിക്കും.
കാമ്പസ് ഒരു പാഠപുസ്തകം എന്നത് ലക്ഷ്യമാക്കി ജൈവ വൈവിധ്യ പാർക്കുകളും ടാലൻറ് ലാബുകളും സ്കൂളുകളിൽ വരാൻ മുൻകൈയെടുക്കണം.
വിദ്യാഭ്യാസരംഗത്ത് വലിയ മാറ്റത്തിന് സാക്ഷ്യം വഹിക്കുന്ന കാലഘട്ടമാണിതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിൽ സീമാറ്റ് ഡയറക്ടർ ഡോ. ലാൽ, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. എ.പി. കുട്ടികൃഷ്ണൻ, തെുവിദ്യാഭ്യാസസംരക്ഷണ യജ്ഞം കൺസൾട്ടൻറ് ഡോ. സി. രാമകൃഷ്ണൻ, എ.ഡി.പി.ഐ ജെസി ജോൺ തുടങ്ങിയവർ സംബന്ധിച്ചു.