കോട്ടയം: വാഴപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തിലെ മൂന്ന് സബ് സെന്ററുകളിൽ എല്ലാ മാസവും ഒരു ദിവസം ഒ.പി. ക്ലിനിക് സൗകര്യത്തോടെ ജീവിതശൈലി രോഗങ്ങൾക്കുള്ള ചികിത്സയും മരുന്ന് വിതരണവും ചെയ്യുന്ന പദ്ധതിക്കു തുടക്കമായി.
പറാൽ സബ് സെന്ററിൽ നടന്ന പ്രാരംഭ ചടങ്ങ് വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീലാ തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിനു മൂലയിൽ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സണ്ണി ചങ്ങംങ്കരി, പുഷ്പവല്ലി വാസപ്പൻ എന്നിവർ പങ്കെടുത്തു. വാഴപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറും ആരോഗ്യ പ്രവർത്തകരും ആശാ പ്രവർത്തകരും ചികിത്സ ഒരുക്കി. 108 പേർ ചികിത്സ തേടിയെത്തി.
പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർക്ക് വാഴപ്പള്ളി ഹെൽത്ത് സെന്ററിൽ എത്താനുള്ള ദൂരക്കൂടുതലും ബുദ്ധിമുട്ടും പരിഗണിച്ചാണ് പറാൽ, തുരുത്തി, വടക്കേക്കര എന്നിവിടങ്ങളിൽ മാസം തോറും ഏകദിന ഒ.പി. ചികിത്സാ സൗകര്യം ഒരുക്കുന്നത്.പി.എച്ച്.സിയിലും ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിലും എല്ലാ മാസവും ജീവിതശൈലി രോഗ ചികിത്സക്കായ് എത്തുന്നവർക്ക് ഒ.പി. ചികിത്സാ സൗകര്യം സഹായപ്രദമാവും. ഒക്ടോബർ 22 നാണു തുരുത്തിയിലെ മുളക്കാന്തുരുത്തി സെന്ററിലെ പരിശോധന.