സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ശക്തമായ ക്യാമ്പയിന്‍ സംഘടിപ്പിക്കുമെന്ന് വനിതാ കമ്മിഷന്‍ അംഗം ഷാഹിദാ കമാല്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങില്‍ പറഞ്ഞു. കോളെജുകള്‍ കേന്ദ്രീകരിച്ച് ക്യാമ്പയിന്‍ സംഘടിപ്പിക്കും. സമൂഹത്തില്‍ സ്ത്രീകളാണ് ചൂഷണം ചെയ്യപ്പെടാന്‍ സാധ്യത കൂടുതല്‍. അതുകൊണ്ടു തന്നെ അന്ധവിശ്വാസത്തിലൂടെ ഭൗതിക നേട്ടം ഉണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് സ്ത്രീകളെ ഇതിലേക്ക് കൂടുതല്‍ ഇടപെടുത്തുന്നതായി കാണാം. പത്തനംതിട്ട ഇലന്തൂര്‍ സംഭവം ഉള്‍പ്പെടെയുള്ള ഉദാഹരണങ്ങള്‍ ഉണ്ടായിട്ടും ആളുകള്‍ ഇതിന് അടിമപ്പെടുന്നത് മാനസിക ആരോഗ്യപ്രശ്‌നം കൂടിയാണെന്ന് വനിതാ കമ്മിഷന്‍ അംഗം ഷാഹിദാ കമാല്‍ പറഞ്ഞു.
ഇത് ഇല്ലാതാക്കുന്നതിന് വേണ്ട നടപടികളുടെ ഭാഗമായാണ് കമ്മിഷന്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് ക്യാമ്പയിന്‍ നടപ്പിലാക്കുക. ലഹരിയോളം അപകടകരമായ അന്ധവിശ്വാസം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നും പൊതുസമൂഹം ഇതിനെതിരെ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും കമ്മിഷന്‍ കൂട്ടിച്ചേര്‍ത്തു. പുരോഹിതന്മാര്‍ പോലും രാഷ്ട്രീയ- പൊതുപ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്ന പത്തനംതിട്ട പോലുള്ള ജില്ലയില്‍ നരബലി ഉള്‍പ്പെടെയുള്ള അന്ധവിശ്വാസ പ്രവര്‍ത്തികള്‍ നടക്കുന്നത് അവിശ്വസനീയവും ഖേദകരവുമാണെന്നും ഷാഹിദാ കമാല്‍ പറഞ്ഞു. സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ സൂക്ഷ്മതയോടെയും ജാഗ്രതയോടെയും നിയമസാധ്യത ഉറപ്പാക്കിയും നടത്തണമെന്നും സ്ത്രീകള്‍ ഇതില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നും വനിതാ കമ്മിഷന്‍ പറഞ്ഞു.
കുടുംബ പ്രശ്‌നങ്ങള്‍, സാമ്പത്തിക ഇടപാട് ഉള്‍പ്പെടെ 30 കേസുകളാണ് കമ്മിഷന്‍ സിറ്റിങ്ങില്‍ പരിഗണിച്ചത്. ഇതില്‍ 13 എണ്ണം തീര്‍പ്പാക്കി. അഞ്ച് കേസുകള്‍ പോലീസ് റിപ്പോര്‍ട്ടിനും ആറെണ്ണം കൗണ്‍സിലിങ്ങിനും മാറ്റിവച്ചു. അടുത്ത സിറ്റിങ്ങില്‍ ബാക്കി ആറ് കേസുകള്‍ പരിഗണിക്കും. വനിതാ കമ്മിഷന്‍ അംഗം ഷാഹിദാ കമാലിനു പുറമേ അഭിഭാഷകരായ അഡ്വ. രമിക, അഡ്വ. അഞ്ജന, കൗണ്‍സിലര്‍മാരായ ജിജിഷ, ബിന്ധ്യ, വനിത എസ്.ഐ ശാന്തകുമാരി, വുമണ്‍ സിവില്‍ പോലീസ് ഓഫീസര്‍ അനിത എന്നിവര്‍ സിറ്റിങ്ങില്‍ പങ്കെടുത്തു.