പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക വിഭാഗ വികസന വകുപ്പുകളുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2 മുതൽ നടത്തിവരുന്ന സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം 2022 ന്റെ സംസ്ഥാനതല സമാപനം ഒക്ടോബർ 16 ന് നടക്കുമെന്ന് ജില്ലാ കലക്ടർ ഡോ. തേജ് ലോഹിത് റെഡ്ഢി അറിയിച്ചു.സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിൽ ഒക്ടോബർ 16 വൈകിട്ട് 4 മണിക്ക് ദേവസ്വം പട്ടികജാതി-പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമം പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ നിർവ്വഹിക്കും.

മ്യൂസിയം തുറമുഖ പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷത വഹിക്കും. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പട്ടികജാതി വികസന വകുപ്പിന്റെ ഭവന പൂർത്തീകരണ പദ്ധതിയായ സേഫ് പദ്ധതിയുടെയും വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പിന്നോക്ക വിഭാഗ വികസന വകുപ്പിന്റെ സ്കോളർഷിപ്പ് പദ്ധതിയുടെയും ഉദ്ഘാടനം നിർവഹിക്കും.

സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി “എല്ലാവരും ഉന്നതിയിലേക്ക്’ എന്ന സന്ദേശത്തിൽ അധിഷ്ഠിതമായി സംസ്ഥാനത്തിന്റെ എല്ലാഭാഗങ്ങളിലും നൂറോളം സെമിനാറുകളും, ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസുകളും സംഘടിപ്പിച്ചു. വെബിനാറുകളും ശുചീകരണ പ്രവർത്തനങ്ങളും, ആരോഗ്യ ക്യാമ്പുകളും, പദ്ധതി ഉദ്ഘാടനങ്ങളും, നിർമ്മാണോദ്ഘാടനങ്ങളും ഉൾപ്പെടെ 2022 പ്രോഗ്രാമുകളാണ് പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക വിഭാഗ വികസന വകുപ്പുകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചത് .

നേട്ടങ്ങൾ പൊതുസമൂഹത്തിലേയ്ക്ക് എത്തിക്കുന്നതിനോടൊപ്പം പിന്നോക്ക വസ്ഥയിലുള്ള മുഴുവൻ ജനവിഭാഗങ്ങളെയും ഉന്നതിയിലേയ്ക്ക് എത്തിക്കുന്നതിന് പൊതു സമൂഹത്തിന്റെ പിന്തുണയും കൂടിയാണ് ഈ വർഷത്തെ സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്.പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് ലാപ്ടോപ് , ഗോൾഡ് കോയിൻ വിതരണം, പിന്നോക്ക വിഭാഗ വികസന കോർപ്പറേഷന്റെ ലോൺ വിതരണം എന്നിവയും ഒക്ടോബർ 16 ന് നടക്കും. കോഴിക്കോട് മേപ്പയ്യൂർ പഞ്ചായത്തിലെ പുലപ്രകുന്ന് കോളനി ഏറ്റെടുത്ത ക്ലിജോ(ഗവ. ലോ കോളേജ്, കോഴിക്കോട്) സംഘടനയ്ക്കും ഓൾ ഇന്ത്യ ട്രേഡ് ടെസ്റ്റ് വിജയി കുമാരി ശിശിര ബാബുവിനും ഇന്റർ നാഷണൽ ബുക്ക്സ് ഓഫ് റിക്കോർഡ്സിൽ ഇടം നേടിയ അക്ഷിൻ. പി.യ്ക്കും ചടങ്ങിൽ ആദരവ് നൽകും.

സമാപന ചടങ്ങിനോടനുബന്ധിച്ച് ടാഗോർ സെന്റിനറി ഹാൾ പരിസരത്ത് പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ ചിത്ര പ്രദർശനം ഉണ്ടായിരിക്കും. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പത്രസമ്മേളനത്തിൽ പട്ടികജാതി വികസന വകുപ്പ് ഉത്തര മേഖല ഡെപ്യൂട്ടി ഡയറക്ടർ അരവിന്ദാക്ഷൻ ചെട്ട്യാർ, പിന്നോക്ക വിഭാഗ വികസന വകുപ്പ് ഉത്തരമേഖലാ ഡെപ്യൂട്ടി ഡയറക്ടർ ശബ്ന, ജില്ലാ പട്ടികവർഗ്ഗ വികസന ഓഫീസർ മെഹറൂഫ് എം.കെ, ജില്ലാ പട്ടിക ജാതി വികസന ഓഫീസർ ഷാജി കെ.പി തുടങ്ങിയവർ പങ്കെടുത്തു.