ശുചിത്വമുറപ്പാക്കി ജില്ലാ ശുചിത്വമിഷൻ
ആലപ്പുഴ: ക്യാമ്പുകളിലെ ശുചിമുറികളുടെ ദൗർലഭ്യത്തിന് പരിഹാരമാകുന്നു.ക്യാമ്പുകളിൽ കൂടുതൽ ബയോ ടോയ്‌ലറ്റുകൾ സ്ഥാപിച്ച് പ്രശ്‌നത്തിന് ശാശ്വത പരിഹാരമുണ്ടാക്കുകയാണ് ജില്ലാ ഭരണ കൂടം. ഹരിപ്പാട് മുതൽ ചേർത്തലവരെയുള്ള ക്യാമ്പുകളിൽ ഇതിനോടകം 30 ബയോടോയ്‌ലറ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്.ജില്ലയിൽ ഏറ്റവും കൂടുതൽ അന്തേവാസികളുള്ളതും ഈ ക്യാമ്പുകളിൽത്തന്നെ. ആലപ്പുഴ നഗരസഭയുടെ കീഴിലുള്ള ക്യാമ്പുകളിൽ 20 ബയോ ടോയ്‌ലറ്റുകളും സ്ഥാപിച്ചിട്ടുണ്ട്.
ഇതിനുപുറമേ കർണ്ണാടക സർക്കാരിന്റെ സ്‌പോൺസർഷിപ്പിൽ 100 ബയോടോയ്‌ലറ്റുകളും ഉടനെത്തും. ശുചിമുറിമാലിന്യങ്ങൾ കൃത്യമായ ഇടവേളകളിൽ നീക്കം ചെയ്യുന്നതും പ്രധാന വെല്ലുവിളിയായിരുന്നു. ടോയ്‌ലറ്റ് ക്ലീനേഴ്‌സ് അസോസിയേഷനുമായി ചേർന്ന് ശുചിത്വമിഷൻ ഇതിനും പരിഹാരം കണ്ടെത്തി.
ശുചിത്വമിഷന്റെ നേതൃത്വത്തിൽ ശുചിത്വ വോളന്റിയർമാരുടെയും നാഷണൽ സർവ്വീസ് സ്‌കീം, എൻ.സി.സി, നെഹ്‌റു യ്ുവകേന്ദ്ര എന്നിവരുടെയും സഹായത്തോടെ ശാസ്ത്രീയമായ രീതിയിലാണ് ക്യാമ്പുകളിലെ മാലിന്യ സംസ്‌കരണം പുരോഗമിക്കുന്നത്. ഓരോ ക്യാമ്പിലും ജൈവമാലിന്യങ്ങൾ ഉറവിടങ്ങളിൽ തന്നെ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനും അജൈവമാലിന്യങ്ങൾ അംഗീകൃത സ്‌ക്രാപ്പ് ഡീലേഴ്‌സിന് കൈമാറുന്നതിനുമുള്ള സംവിധാനവുമാണ് നിലവിൽ ഒരുക്കിയിരിക്കുന്നത്.
ചെങ്ങന്നൂരിൽ അഞ്ഞൂറോളം വോളന്റീയർമാരുടെയും മറ്റ് സന്നദ്ധ സംഘടനാ പ്രവർത്തകരെയും ഏകോപിപ്പിച്ചുകൊണ്ടാണ് ശുചീകരണ പ്രവർത്തനങ്ങൾ. പൊതു ഇടങ്ങൾ, ഭവനങ്ങൾ എന്നിവിടങ്ങളിലാണ് ആദ്യഘട്ട ശുചീകരണം നടക്കുന്നത്. കൂടാതെ ഓരോ ക്യാമ്പിലും ശാസ്ത്രീയമായ മാലിന്യസംസ്‌കരണത്തെപ്പറ്റി വിദഗ്ദ്ധ നിർദ്ദേശങ്ങളും നൽകിവരുന്നു.