മാനന്തവാടി: ദുരന്തമേഖലയില്‍ 3.5 കോടി രൂപയുടെ സഹായം നല്‍കി സീറോ മലബാര്‍ സഭ മാനന്തവാടി രൂപത. ആയിരം ക്വിന്റല്‍ അരിയും 200 ക്വിന്റല്‍ പഞ്ചസാരയും ഇതില്‍ ഉള്‍പ്പെടുന്നു. ചുറ്റുമുള്ളവരുടെ ആവശ്യങ്ങളിലേക്ക് കണ്ണോടിക്കുകയും പ്രത്യാശയോടെ പ്രതിസന്ധികളെ അതിജീവിക്കാന്‍ അവരെ സഹാക്കുകയുമാണ് ഇപ്പോള്‍ ചെയ്യേണ്ടതെന്നും സഹായങ്ങള്‍ സഭ ഇനിയും തുടരുമെന്നും രൂപത മെത്രാന്‍ മാര്‍ ജോസ് പൊരുന്നേടം പറഞ്ഞു. നാടിനെയും ജനതയെയും പുനസൃഷ്ടിക്കാനുള്ള ഉദ്യമത്തില്‍ പങ്കുചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കഴിയുന്നതുപോലെ സംഭാവനകള്‍ നല്‍േകുകയും വേണം. തലശ്ശേരി, തൃശൂര്‍ അതിരൂപതകളുടെയും താമരശ്ശേരി, കര്‍ണാടകയിലെ ഭദ്രാവതി, ബല്‍ത്തങ്ങാടി രൂപതകളുടെയും ഇടവകകളുടെയും സ്ഥാപനങ്ങളുടെയും ഭക്തസംഘടനകളുടെയും സഹകരണത്തോടെയാണ് മൂന്നര കോടി രൂപയുടെ സഹായം ഇതുവരെ നല്‍കിയത്. ബല്‍ത്തങ്ങാടി രൂപതയില്‍ ആറ് ട്രക്കുകളിലായി 60 ടണ്‍ അരിയെത്തിച്ചു. മണിപ്പാല്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് 15 ലക്ഷം രൂപയുടെ മരുന്ന് മെഡിക്കല്‍ ക്യാമ്പിനായി നല്‍കി. രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി വഴിയാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നത്. നൂറ് കണക്കിന് വളണ്ടിയര്‍മാര്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. മാനന്തവാടി സെന്റ് ജോസഫ്‌സ് ആശുപത്രിയുടെയും മറ്റ് ഡോക്ടര്‍മാരുടെയും സഹകരണത്തോടെ 20 മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുകയും സൗജന്യ മരുന്ന് വിതരണം നടത്തുകയും ചെയ്തു. ഇനിയും മെഡിക്കല്‍ ക്യാമ്പുകള്‍ തുടരും. പള്ളികളും സ്‌കൂളുകളും സ്ഥാപനങ്ങളും ദുരിതാശ്വാസ ക്യാമ്പുകള്‍ക്കായി തുറന്നു കൊടുത്തു. പ്രാദേശികമായി ജനപ്രതിനിധികളോട് ചേര്‍ന്ന് വൈദികര്‍, സന്യസ്തര്‍, ഭക്ത സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ജില്ലാ ഭരണകൂടം നടത്തുന്ന പുനരധിവാസ പദ്ധതിയില്‍ ഭാഗഭാക്കാകുമെന്നും രൂപത കേന്ദ്രം അറിയിച്ചു.
