കാതും നാവും ജന്മനാ പിണക്കമാണെങ്കിലും നജീബിന്റെ സേവന സന്നദ്ധയ്ക്കു മുമ്പില്‍ മറ്റെല്ലാ കുറവുകളും തോറ്റു പോകും. വയനാട് ജില്ലാ കളക്ടറേറ്റ് റിലീഫ് കളക്ഷന്‍ സെന്ററില്‍ രാവിലെയെത്തിയാല്‍ മിക്കവാറും ഏറ്റവും അവസാനം മടങ്ങുന്നതും നജീവായിരിക്കും. ഉദ്യോഗസ്ഥരുടെയടക്കം പ്രശംസ നേടിയ നജീബിനെ മിക്ക ദിവസവും പിരിഞ്ഞു പോകുമ്പോള്‍ സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് അന്വേഷിക്കുന്നതും കാണാം. ഒടുവില്‍ ഇരുവരും സലാം പറഞ്ഞാണ് ശുഭരാത്രി പിരിയാറ്. ആന്ധ്ര ബാങ്ക് കല്‍പ്പറ്റ ശാഖയില്‍ കാഷ്യറായി ജോലി ചെയ്യുന്ന നജീബ് കഴിഞ്ഞ രണ്ടാഴ്ച്ചയോളമായി മുഴുവന്‍ സമയവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റിലീഫ് കളക്ഷന്‍ സെന്ററില്‍ സജീവമാണ്. അരിയടക്കമുള്ള ഭാരം കൂടിയ ലോഡിറക്കുന്നതിനും മാലിന്യങ്ങള്‍ മാറ്റി വയ്ക്കുന്നതിനടക്കം നജീബിന്റെ കരങ്ങളുണ്ടാവും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മനുഷ്യര്‍ക്കു വേണ്ടിയുള്ളതെങ്കിലും കളക്ടറേറ്റിലെ മരച്ചില്ലകളില്‍ വിശന്നിരിക്കുന്ന കുരുങ്ങുകളെ കുറിച്ചും നജീബ് ഓര്‍ക്കും. റിലീഫ് സെന്ററിലെ കേടായ ബ്രഡ്ഡും മറ്റും അവയ്ക്കു നല്‍കാനും നജീബ് മടിക്കാറില്ല. അവധി ദിവസങ്ങളില്‍ പോലും റിലീഫ് സെന്ററില്‍ എത്തുന്ന ജന്മനാ മൂകനും ബധിരനുമായ നജീബിനോട് ആരും ഒന്നും പറയണ്ട, എല്ലാം അറിഞ്ഞു ചെയ്‌തോളും. വയസ് നാല്പത്തിയെട്ടാണെങ്കിലും യുവാക്കളെക്കാള്‍ ആവേശത്തോടെ മാത്രമേ ഈ മനുഷ്യനെ എവിടെയും കാണാന്‍ കഴിയും. കെ. നജീബെന്ന ഈ കല്‍പ്പറ്റക്കാരനെ വയനാട്ടുകാര്‍ക്ക് ഏറെക്കുറെ സുപരിചിതനാണ്. നിരവധി തവണ മാതൃകാപരമായ സാമൂഹ്യ സേവനത്തിന് സംസ്ഥാന സര്‍ക്കാരിന്റേതടക്കം അവാര്‍ഡ് നജീബിനെ തേടിയെത്തിയിട്ടുണ്ട്. റിലീഫ് സെന്ററിലെ സഹായത്തിനു പുറമെ സ്വന്തം കൈയില്‍ നിന്നും അരലക്ഷം രൂപയെടുത്ത് പ്രളയബാധിതരര്‍ക്ക് നൂറോളം ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്യാന്‍ ഭാര്യ സൗഭ്യയുമായി നേരിട്ടിറങ്ങുകയും ചെയ്തു. അപകടത്തില്‍പ്പെടുന്നവര്‍ക്ക് രക്തമടക്കമുള്ള സഹായം നല്‍കാനും നജീബ് വിളിപ്പുറത്തുണ്ട്. ബാങ്ക് കല്‍പ്പറ്റ ശാഖയില്‍ നിന്നും ആന്ധ്രയിലേക്ക് പ്രൊമോഷന്‍ കിട്ടിയെങ്കിലും നാടിനേയും നാട്ടുകാരെയും വിട്ടു പോകാന്‍ മനസ്സു സമ്മതിക്കുന്നില്ലെന്നാണ് നജീബിന്റെ പക്ഷം. മക്കളില്ലാത്ത നജീബും ഭാര്യ സൗഭ്യയും കല്‍പ്പറ്റ എമിലിയിലാണ് താമസിക്കുന്നത്.
