ആലപ്പുഴ : അഞ്ചു മണിയാകാൻ കാത്തിരിക്കുകയാണ് സെന്റ് അലോഷ്യസ് സ്‌കൂളിലെ 520 ക്യാമ്പ് നിവാസികൾ.അഞ്ചുമണികഴിഞ്ഞാൽ പിന്നെ ക്യാമ്പിലെ എല്ലാ അംഗങ്ങളും കുട്ടികളായി മാറും. കസേരകളിയും,അപ്പം കടി മത്സരവും,കണ്ണാരം പൊത്തികളിയുമൊക്കെയായി എല്ലാവരും ഒന്നാകുന്ന ഓണാഘോഷം അരങ്ങേറുകയായി.വീടുകളിൽ ഓണം ആഘോഷിക്കുന്നതിനെക്കാൾ സന്തോഷമുണ്ട് അവർക്ക് ക്യാമ്പുകളിൽ ഓണമാഘോഷിക്കാനെന്ന് പ്രിൻസിപ്പൽ സിസ്റ്റർ പ്രീമ പുന്നയ്ക്കൽ പറയുന്നു.
സർക്കാർ തല ക്യാമ്പ് ഓഫീസർമാരെ കൂടാതെ സ്‌കൂൾ അധ്യാപകരും, പള്ളി അധ്യാപകരും,യുവജന സംഘടനയായ കെ സി വൈ എം പ്രവർത്തകരുമെല്ലാം ഒരുമനസോാടെ സജ്ജരായി നിൽക്കുന്നുണ്ട്. കണ്ണാരം പൊത്തി കളിയാണ് ക്യാമ്പിലെ പ്രധാന കലാപരിപാടി. പഴയ തലമുറയ്ക്ക് മാത്രം അറിയാവുന്ന നാടൻ കളികൾ പുതുതലമുറയ്ക്ക് പരിചയപ്പെടുത്താനും ക്യാമ്പ് ഉപകാരപ്പെട്ടതായി സിസ്റ്റർ പ്രീമ പറയുന്നു.

വിനോദപരിപാടികൾക്ക്് ശേഷം 7.30ന് പ്രാർത്ഥന സമയമാണ്. തുടർന്ന് വീണ്ടും ക്യാമ്പംഗങ്ങളുടെ പാട്ടും, കലാപ്രകടനങ്ങളും,പ്രസംഗവും എല്ലാ ദിവസവും അരങ്ങേറും. പിന്നെ സന്തോഷത്തോടെ ഭക്ഷണം കഴിക്കാനായി എല്ലാ അംഗങ്ങളും പിരിയും.പുളിങ്കുന്ന്, തകഴി,കൈനകരി,ഹരിപ്പാട്, തുടങ്ങി ഒട്ടേറെ പ്രദേശങ്ങളിൽ നിന്നുള്ള 1500ഓളം പേരാണ് ക്യാമ്പിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.നിലവിൽ 520 പേരാണ് സ്‌കൂളിൽ താമസിക്കുന്നത്. മറ്റുള്ളവർ ഭക്ഷണം കഴിക്കാൻ മാത്രമാണ് എത്തുന്നത്. സ്‌കൂളിന് സമീപത്തുള്ള ബന്ധുക്കളുടെ വീട്ടിലാണ് ഇവരുടെ താമസം.