കല്‍പ്പറ്റ: പ്രായ – ജാതി – മത – ദേശ വിത്യാസമില്ലാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായ പ്രവാഹം. കഴിഞ്ഞ ദിവസങ്ങളിലായി കുട്ടികളടക്കമുള്ള നിരവധി പേര്‍ കളക്ടറേറ്റിലെത്തി സഹായം ജില്ലാ കളക്ടര്‍ക്കു കൈമാറിയിരുന്നു. ചെറുതെങ്കിലും ഭിന്നശേഷിക്കാര്‍ നല്‍കിയ ധനസഹായം വ്യാഴാഴ്ച ശ്രദ്ധിക്കപ്പെട്ടു. ഇരുളത്തെ ഭിന്നശേഷിക്കാരുടെ സ്‌നേഹ സ്വാശ്രയസംഘാംഗങ്ങള്‍ തങ്ങളുടെ തുച്ഛമായ പെന്‍ഷനില്‍ നിന്ന് ഒരു വിഹിതം സ്വരുക്കൂട്ടി 1,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. മൂന്നുവര്‍ഷം മുമ്പ് രൂപീകരിച്ച സംഘത്തില്‍ പ്രദേശവാസികളായ ഏഴുപേരാണ് അംഗങ്ങള്‍. 1,100 രൂപ പ്രതിമാസ പെന്‍ഷനുള്ള ഇവര്‍ക്ക് ഓണം, വിഷു, ക്രിസ്മസ് നാളുകളില്‍ ഒന്നിച്ചാണ് തുക ലഭിക്കുക. ഇത്തവണ ഓണത്തോടനുബന്ധിച്ച് പെന്‍ഷന്‍ ലഭിച്ചപ്പോള്‍ ഒരു വിഹിതം ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് സെക്രട്ടറി ജോബിന്‍ സി. ജോര്‍ജ്, വി.എസ് രാമചന്ദ്രന്‍ എന്നിവര്‍ നേരിട്ട് കളക്ടറേറ്റിലെത്തി തുക കൈമാറുകയായിരുന്നു. അബ്ദുല്‍ ജബ്ബാറാണ് സംഘം പ്രസിഡന്റ്. ഹാരിസ്, മുഹമ്മദ്, റിന്‍ഷിദ, മുഫീദ എന്നിവരാണ് മറ്റ് അംഗങ്ങള്‍. തിരുവന്തപുരം മാര്‍ ഇവാനിയോസ് കോളജ് വിദ്യാര്‍ത്ഥിനി നിരഞ്ജന ബാലചന്ദ്രന്‍ 5,000 രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. മികച്ച പ്രാസംഗികയായ നിരഞ്ജന മാനന്തവാടി തോണിച്ചാല്‍ സ്വദേശിയാണ്. സ്‌കൂള്‍ തലത്തില്‍ വിവിധ മല്‍സരങ്ങളില്‍ നിന്നു ലഭിച്ച സമ്മാനത്തുകയാണ് ദുരിതബാധിതര്‍ക്കു കൈമാറിയത്. മലയാളം പ്രസംഗത്തില്‍ വൈദഗ്ധ്യം തെളിയിച്ച നിരഞ്ജന ആറാംതരം മുതല്‍ മല്‍സരങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. ഹയര്‍സെക്കന്‍ഡറിയില്‍ മാനന്തവാടി ജി.വി.എച്ച്.എസ്.എസിനെ പ്രതിനിധീകരിച്ച് സംസ്ഥാന തലത്തില്‍ മൂന്നാംസ്ഥാനം നേടിയിരുന്നു. ജില്ലാ മണ്ണ് സംരക്ഷണ ഓഫിസര്‍ പി.യു ദാസ് ദുരിതാശ്വാസ നിധിയിലേക്ക് ഒരുലക്ഷം രൂപ സംഭാവന ചെയ്തു.