പ്രളയജലത്തില്‍ വീടുകളും മറ്റും നഷ്ടപ്പെട്ടവരുടെ പുനരധിവാസം സമയബന്ധിത മായി സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് വീണാജോര്‍ജ് എംഎല്‍എ പറഞ്ഞു. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായതോടെ ക്യാമ്പുകളിലെ സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനും ശുചീകരണം യുദ്ധകാലാടിസ്ഥാനത്തില്‍ ഏറ്റെടുത്ത് വീടുകളിലേക്ക് മടങ്ങുന്നവരെ സഹായിക്കുന്നതിനു ള്ള നടപടികളിലുമാണ് സര്‍ക്കാരും ജില്ലാ ഭരണകൂടവും ഇപ്പോള്‍ മുഴുകിയിരിക്കുന്നത്. മിക്ക വീടുകളുടെയും ഉള്ളില്‍ വന്‍തോതില്‍ ചെളി അടിഞ്ഞുകൂടിയിട്ടുണ്ട്. ഇവ വൃത്തിയാക്കി താമസയോഗ്യമാക്കുന്നത് ഏറെ പ്രയത്‌നിക്കേണ്ടിവരും. കുടുംബശ്രീയുടെ ആഭിമുഖ്യത്തി ല്‍ 1500ല്‍ അധികം വാളണ്ടിയര്‍മാരാണ് ദിവസവും ജില്ലയിലെമ്പാടും     ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. 22ന് 1508 വീടുകളാണ് ഇവര്‍ ശുചിയാക്കിയത്. പോലീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെമ്പാടും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്. കോഴഞ്ചേരി  ചെട്ടിമുക്ക് ഭാഗത്ത് 22ന് നടന്ന ശുചീകരണപ്രവര്‍ത്തനങ്ങളില്‍ 160ഓളം പോലീസുകാര്‍ പങ്കെടുത്തിരുന്നു. സന്നദ്ധ സംഘടനകളുടെ ആഭിമുഖ്യത്തിലും ജില്ലയിലെമ്പാടും ശുചീകരണം നടക്കുന്നുണ്ട്.           വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് ഒരാഴ്ചത്തേക്കുള്ള അവശ്യസാധനങ്ങള്‍ അടങ്ങിയ കിറ്റ്     നല്‍കുന്നത് ജനങ്ങള്‍ക്ക് ഏറെ ആശ്വാസമാകുന്നുണ്ട്. ക്യാമ്പുകളില്‍ ഏറ്റവും മെച്ചപ്പെട്ട സൗകര്യങ്ങള്‍ ലഭ്യമാകുന്നുണ്ടെന്നും എംഎല്‍എ പറഞ്ഞു.