വിശപ്പകറ്റാന്‍ പച്ചരിയും തേങ്ങയും കഴിച്ച് വീടിന്റെ ടെറസില്‍ 24 മണിക്കൂര്‍ കഴിച്ചുകൂട്ടിയ നിമിഷങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് ആറന്‍മുള മല്ലപ്പുഴശ്ശേരി വേട്ടോക്കോട്ടില്‍ ഫിലിപ്പോസ് വര്‍ഗീസ്. 15ന് വൈകിട്ട് വെള്ളംകയറി തുടങ്ങുമ്പോള്‍ കരുതിയില്ല അത് തങ്ങളുടെ ഓടിട്ട വീടിനെ ഗ്രസിക്കുമെന്ന്. ചെറുതായി വെള്ളം കയറുന്നതൊക്കെ അവിടങ്ങളില്‍ സാധാരണമായതിനാല്‍ കാര്യമാക്കിയില്ല. എന്നാല്‍ അരക്കൊപ്പം വെള്ളകയറിയതോടെ രക്ഷാമാര്‍ഗം തേടി. ചുറ്റിലും നിലവിളി ഉര്‍ന്നതോടെ ഭാര്യയെയും മക്കളെയും പ്രായമായ അമ്മയെയും തൊട്ടടുത്ത വീട്ടിലെ ടെറസിലേക്ക്  എത്തിച്ചു. മകന്‍ കളിക്കാനായി ഉണ്ടാക്കിയ പിണ്ടിവള്ളമായിരുന്നു രക്ഷയായത്. ഓരോരുത്തരെയും പിണ്ടിവള്ളത്തില്‍ ടെറസിലെത്തിക്കുമ്പോഴേക്കും വെള്ളത്തിന്റെ ഉയര്‍ച്ച കൂടിക്കൊണ്ടേയിരുന്നു. അരപ്പൊക്കം വെള്ളം        ഒരാള്‍പൊക്കമായി പിന്നീട് രണ്ടാള്‍പ്പൊക്കം. കടലിരമ്പത്തോടെ പാഞ്ഞടുക്കുന്ന വെള്ളപ്പാച്ചില്‍; ഭയന്ന് വിറച്ച് പോയ നിമിഷങ്ങള്‍.
അയല്‍ വാസികളായ അഞ്ച് കുടുംബങ്ങളും ഈ ടെറസില്‍ അഭയം തേടി. പലരെയും ഫോണില്‍ ബന്ധപ്പെട്ടുകൊണ്ടേയിരുന്നു.  അകലെയുള്ള ബന്ധുക്കള്‍ വിവരമറിഞ്ഞ് വിളിച്ചുകൊണ്ടേയിരുന്നു. എവിടെയും നിലവിളിയും തേങ്ങലുകളും മാത്രം. ഒടുവില്‍ മത്സ്യത്തൊഴിലാളികളുടെ ബോട്ടാണ് രക്ഷക്കെത്തിയത്. ആദ്യം സ്ത്രീകളെയും കുട്ടികളെയും അവര്‍           രക്ഷിച്ചു. ഉടന്‍തന്നെ തങ്ങളെ കൂട്ടാന്‍ വരുമെന്ന് പറഞ്ഞുപോയ ബോട്ട് പിന്നീട് വന്നില്ല. വരുന്ന വഴിക്കുള്ളവരെ രക്ഷിക്കുന്ന തിരക്കിലായതുകൊണ്ടാവാം വര്‍ഗീസ് പറഞ്ഞു.
ആ രാത്രി കഴിഞ്ഞ് പകലായി, മണിക്കൂറുകള്‍ കഴിഞ്ഞു എന്നിട്ടും ഒരു ബോട്ടും അങ്ങോട്ട് എത്തിയില്ല. വിശപ്പ് അതിന്റെ പാരമ്യത്തിലെത്തുകയും ചെയ്തു. ഗത്യന്തരമില്ലാതെ ടെറസിനോട് ചേര്‍ന്നുള്ള തെങ്ങില്‍ നിന്നും കുറച്ച് തേങ്ങ പറിച്ചെടുത്തു. അത് പല്ലുപയോഗിച്ച് പൊളിച്ചു. ടെറസില്‍ അടിച്ച് പൊട്ടിച്ചു. പിന്നെ തേങ്ങാക്കൊത്തുകള്‍ കുറേശ്ശയായി തിന്നു. എന്നിട്ടും ആറുപേരുടെ വയറ്റിലെ പശിയടങ്ങിയില്ല. അപ്പോഴാണ് അരിയിട്ടു വയ്ക്കുന്ന പ്ലാസ്റ്റിക് ഡബ്ബ പൊങ്ങിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുണികെട്ടാന്‍ ടെറസില്‍ കെട്ടിയിരുന്ന അയ(അശ) യുടെ കയറുപയോഗിച്ച് കുടുക്ക് കെട്ടി അത് വലിച്ചടുപ്പിച്ചു. വിശപ്പ് വീണ്ടും കൂടിയപ്പോള്‍ ഡബ്ബയിലെ പച്ചരി എല്ലാവരും കുറശ്ശേ കുറേശ്ശെ കഴിച്ചു. ടെറസ്സിനോട് ചേര്‍ന്ന വളര്‍ന്ന ചെടിയില്‍ നിന്നും പച്ച ഓമക്കയും പറിച്ച് തിന്നു. നേരം വീണ്ടും ഇരുട്ടി. ആരും തങ്ങളെ രക്ഷിക്കാന്‍ എത്തുമെന്ന് ഒരു പ്രതീക്ഷയുമില്ലാതിരുന്ന അര്‍ധരാത്രിയിലാണ് വീണ്ടും ഒരു ബോട്ട് രക്ഷക്കെത്തുന്നത്. തെക്കേമല എം ജി എം ഓഡിറ്റോറിയത്തിലെ ദുരിതാശ്വാസ ക്യമ്പില്‍ ഭാര്യയും മകനെയും കണ്ടതോടെയാണ് തോമാസിന് ആശ്വാസമായത്. ക്യാമ്പില്‍ ഇന്നുവരെ ഒരു വിധത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. ഭക്ഷണവും വസ്ത്രവും ആവശ്യത്തിന് ലഭിക്കുന്നുണ്ട്. വെള്ളപ്പൊക്കത്തിന് ശേഷം ചെളിനിറഞ്ഞ് വൃത്തികേടായ വീട് വാസയോഗ്യമാക്കാമെന്നും നഷ് ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകല്‍ സൗജന്യമായി നല്‍കാമെന്നും മുഖ്യമന്ത്രി ക്യാമ്പില്‍ നേരിട്ടെത്തി ഉറപ്പ് നല്‍കിയതിന്റെ ആശ്വാസത്തിലുമാണ് വര്‍ഗീസും കുടുംബവും.