ദുരിതബാധിതര്‍ക്ക് ആശ്വാസം പകരാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴഞ്ചേരി തെക്കേമലയിലെ എംജിഎം ആഡിറ്റോറിയത്തിലുള്ള ദുരിതാശ്വാസ ക്യാമ്പിലെത്തി. ക്യാമ്പിലെ ഓരോരുത്തരുടെയും അടുത്തെത്തി വിവരങ്ങള്‍ ആരാഞ്ഞ മുഖ്യമന്ത്രിയോട് പ്രളയക്കെടുതിയില്‍ തങ്ങള്‍ നേരിടേണ്ടിവന്ന ദുരിതങ്ങള്‍ നിറകണ്ണുകളോടെ ഇവര്‍ വിവരിച്ചു. എല്ലാവരെയും ആശ്വസിപ്പിച്ച മുഖ്യമന്ത്രി രക്ഷാപ്രവര്‍ത്തനങ്ങളില്‍ കാണിച്ച അതേ മനസ്സോടെ പുനരധിവാസ പ്രവര്‍ത്തനങ്ങളിലും സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന് പറഞ്ഞു. രക്ഷാ പ്രവര്‍ത്തനം പൂര്‍ത്തിയായ സ്ഥിതിക്ക് ശുചീകരണത്തിനും പുനരധിവാസത്തിനും മുന്‍ഗണന നല്‍കി എല്ലാവരുടെയും ദുരിതമകറ്റാനുള്ള എല്ലാ നടപടികളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പിലെ സൗകര്യങ്ങളില്‍ തൃപ്തരാണെന്ന് എല്ലാവരും മുഖ്യമന്ത്രിയെ അറിയിച്ചു. ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച ശേഷമാണ് മുഖ്യമന്ത്രി കോഴഞ്ചേരിയിലെത്തിയത്.
കോഴഞ്ചേരി സെന്റ് തോമസ് കോളേജ് മൈതാനത്ത് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ്, ജില്ലാ കളക്ടര്‍ പി.ബി.നൂഹ്, ജില്ലാ പോലീസ് മേധാവി ടി.നാരായണന്‍ എന്നിവര്‍ മുഖ്യമന്ത്രിയെ സ്വീകരിച്ചു. റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍, എംഎല്‍എമാരായ രാജുഎബ്രഹാം, വീണാജോര്‍ജ്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍, കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ.കെ.അനന്തഗോപന്‍, കെഎസ്എഫ്ഇ  ചെയര്‍മാന്‍ അഡ്വ.ഫിലിപ്പോസ് തോമസ്, ചീഫ് സെക്രട്ടറി ടോം ജോസ്, ഡിജിപി ലോക്‌നാഥ് ബെഹ്‌റ, റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്.കുര്യന്‍, തുടങ്ങിയവരും മുഖ്യമന്ത്രി യോടൊപ്പമുണ്ടായിരുന്നു.