കേരള മോട്ടോര്‍ വാഹന വകുപ്പിന്റെയും നാറ്റ്പാക്കിന്റെയും ആഭിമുഖ്യത്തില്‍ മോട്ടോര്‍ വകുപ്പിലെ എന്‍ഫോഴ്സമെന്റ് ഉദ്യോഗസ്ഥര്‍ക്കായുള്ള ത്രിദിന പരിശീലനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ 26ന് രാവിലെ 11.30 ന് ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു തിരുവനന്തപുരത്ത് നിര്‍വഹിക്കും. പ്രൊപഗേറ്റിംഗ് എഞ്ചിനിയറിംഗ് ആസ്പെക്ട്സ് ഫോര്‍ കൊഹറന്റ് എന്‍ഫോഴ്സ്മെന്റ് എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിശീലനത്തില്‍ 14 ജില്ലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട എന്‍ഫോഴ്സമെന്റ് ഉദ്യാഗസ്ഥര്‍ക്ക് അഞ്ച് ഘട്ടങ്ങളിലായി പരിശീലനം നല്‍കും.
ആദ്യ ബാച്ചില്‍ ഉള്‍പ്പെട്ടിട്ടുള്ള തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട ജില്ലകളിലെ 40 ഉദ്യോഗസ്ഥര്‍ക്കാണ് ഈ മാസം 26 മുതല്‍ 28 വരെ പരിശീലനം നല്‍കുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്ക് റോഡ് എന്‍ജിനീയറിംഗില്‍ വേണ്ട പ്രായോഗിക പരിജ്ഞാനം ലഭിക്കുന്നത് വഴി റോഡ് സുരക്ഷയുടെ പ്രധാന ഘടകങ്ങളായ എന്‍ജിനീയറിങ് എന്‍ഫോഴ്‌സ്‌മെന്റ് എന്നിവയെ സംയോജിപ്പിച്ചുകൊണ്ട് എന്‍ഫോഴ്‌സ്‌മെന്റ് സംവിധാനം ശാക്തീകരിക്കുക എന്നതാണ് പരിശീലന ലക്ഷ്യം.