സമൂഹത്തിന്റെ നാനാതുറകളെയും ചൂഴ്ന്നുനില്‍ക്കുന്ന ലഹരി വസ്തുക്കളുടെ ദുരുപയോഗത്തിനെതിരെ ബോധവല്‍ക്കരണവുമായി ആരോഗ്യവകുപ്പിന്റെ നാടകം- ശാന്തിപുരം ബസാര്‍ അവതരണം തുടങ്ങി. നാടകാവതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ചെവ്വൂര്‍ സെന്റ് സേവ്യേഴ്സ് ഹൈസ്‌കൂളില്‍

സി സി മുകുന്ദന്‍ എംഎല്‍എ നിര്‍വഹിച്ചു. കോവിഡ് ഉള്‍പ്പെടെയുള്ള വെല്ലുവിളികളെ വിജയകരമായി അതിജീവിച്ച കേരളത്തിന് ലഹരി ദുരുപയോഗത്തിനെതിരായ പോരാട്ടം ജയിക്കുക അസാധ്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ സാമൂഹ്യ വിപത്തിനെതിരെ മുന്നിട്ടിറങ്ങേണ്ടത് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ഉത്തരവാദിത്തമാണ്. ഇതിന്റെ ഭീഷണികളെ കുറിച്ച് സമൂഹത്തെ ബോധവല്‍ക്കരിക്കുന്നതില്‍ ശാന്തിപുരം ബസാര്‍ നാടകത്തിന് വലിയ പങ്ക് വഹിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. ലഹരി വിരുദ്ധ സിഗ്‌നേച്ചര്‍ ക്യാംപയിന്റെ ഉദ്ഘാടനവും എംഎല്‍എ നിര്‍വഹിച്ചു.

 

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സബ് കലക്ടര്‍ മുഹമ്മദ് ഷഫീഖ് സന്ദേശം നല്‍കി. ഡിഡിഇ ടി വി മദനമോഹനന്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി പി അബ്ദുല്‍ കരീം പോസ്റ്റര്‍ പ്രകാശനം ചെയ്തു. ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ രാധാകൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജിഷ കള്ളിയത്ത്, ഗ്രാമപഞ്ചായത്ത് അംഗം പി എസ് വനജ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ടി പി ശ്രീദേവി, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.യു ആര്‍ രാഹുല്‍, പ്രധാനധ്യാപിക കെ ഷെര്‍ളി ആന്റണി, പിടിഎ പ്രസിഡന്റ് വിനോദ്, മാസ് മീഡിയ ഓഫീസര്‍ ടി എ ഹരിതാദേവി തുടങ്ങിയവര്‍ സംസാരിച്ചു.

 

ആരോഗ്യവകുപ്പിന് വേണ്ടി പുനര്‍ജനി ജീവജ്വാല കലാസമിതിയാണ് ‘ശാന്തിപുരം ബസാര്‍’ നാടകം സംസ്ഥാനത്തൊട്ടാകെ അവതരിപ്പിക്കുന്നത്. നാടക സിനിമാ പ്രവര്‍ത്തകനും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറുമായ ബിഞ്ചു ജേക്കബ് സി സംവിധാനം ചെയ്ത ഈ നാടകത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് മഹിന്‍കര്‍ കേച്ചേരി ആണ്. ഗാനരചന വിക്ടര്‍ ലൂയീമേരി, സംഗീതം അജിത് കൈലാസ്, കലാസംവിധാനം അശോകന്‍ എയ്യാല്‍, ജയ ബാജു ചാലക്കല്‍, സാങ്കേതിക സഹായം പ്രേം പ്രകാശ് ലൂയീസ്, ജ്വാല റോസ് എന്നിവരാണ്. അഖിലേഷ് തയ്യൂര്‍, പൗലോസ് പുല്ലഴി, ജോണ്‍ ക്ലാരനെറ്റ്, കിഷോര്‍ കെ കെ, അശ്വതി ഇതിക എന്നിവരാണ് അഭിനേതാക്കള്‍. ലഹരി എന്ന വിപത്ത് വ്യക്തിയെയും കുടുംബത്തെയും സമൂഹത്തെയും എങ്ങനെയാണ് ബാധിക്കുന്നത് എന്നതിന്റെ നേര്‍ കാഴ്ചയാണ് നാടകം. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നാടകം അവതരിപ്പിക്കും.