മണ്ഡലകാലത്തിന് മുന്‍പ് പമ്പയില്‍ താത്കാലിക പാലം നിര്‍മിക്കാമെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍  പറഞ്ഞു. പ്രളയത്തില്‍  പാലം ഒലിച്ചുപോയ പമ്പയില്‍ നിന്നും തീര്‍ഥാടനം സുഗമാമാക്കുന്നതിനായി ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിയാലോചനക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകകയായിരുന്നു മന്ത്രി. രണ്ട് പാലങ്ങളാണ് സൈന്യം നിര്‍മിക്കുക. ഒന്ന് തീര്‍ഥാടകര്‍ക്ക് നടന്നു പോകുന്നതിനും മറ്റൊന്ന് ആംബുലന്‍സ് അടക്കമുള്ള അത്യാവശ്യ വാഹനങ്ങള്‍ കടന്നു പോകുന്നതിനുമാണ് . പമ്പയുടെ ഹില്‍ടോപ്പില്‍ തുടങ്ങി ഗണപതിക്ഷേത്രം വരെ ബന്ധിപ്പിച്ചായിരിക്കും പാലം നിര്‍മിക്കുക. നിര്‍മാണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞ് പാലത്തിന്റെ സാമഗ്രികള്‍ എത്തിക്കഴിഞ്ഞാല്‍ മണിക്കൂറുകള്‍ക്കകം പാലം പൂര്‍ത്തിയാകുമെന്നാണ് സൈന്യം അറിയിച്ചിട്ടുള്ളത്.  പാലത്തിന് അനുയോജ്യമായ സ്ഥലം നിര്‍ണയിക്കുന്നതിന് മിലിറ്ററി, ദേവസ്വംബോര്‍ഡ്, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സംയുക്തമായി പരിശോധന നടത്തും. നിര്‍മാണം വേഗത്തിലാക്കാന്‍ പാലത്തിന്റെ നിര്‍മാണ ചുമതല പൂര്‍ണമായും സൈന്യത്തെ ഏല്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പമ്പയില്‍ അടിഞ്ഞ് കൂടിയ മണ്ണ് പൂര്‍ണമായും നീക്കം ചെയ്ത് പമ്പയുടെ ഒഴുക്ക് പൂര്‍വ സ്ഥിതിയില്‍ ആക്കും. ഇനി മുതല്‍ പമ്പയുടെ തീരത്ത് ഒരു തലത്തിലുമുള്ള സ്ഥിരം നിര്‍മാണവും അനുവദിക്കില്ല. കച്ചവടത്തിനും മറ്റുമായി സീസണ്‍ കഴിഞ്ഞാല്‍ പൊളിച്ച് മാറ്റാവുന്ന താത്കാലിക ഷെഡുകള്‍ മാത്രമേ ഇനിയുണ്ടാവൂ. തകരാറിലായ ടോയ്ലറ്റ് ബ്ലോക്കുകള്‍ക്ക് പകരമായി താത്കാലികമായി ബയോടോയ്ലറ്റുകള്‍ സ്ഥാപിക്കും. സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്ിന് സംഭവിച്ച കേടുപാടുകള്‍ പരിഹരിക്കും. രാമമൂര്‍ത്തി മണ്ഡപത്തിന് പകരമായി താത്കാലിക മണ്ഡപം നിര്‍മിക്കും. തീര്‍ഥാടനകാലത്തെ തിരക്ക് നിയന്ത്രിക്കുന്നതിനായി എല്ലാ വാഹനങ്ങളും നിലയ്ക്കല്‍ വരെയേ അനുവദിക്കുകയുള്ളു.  കെഎസ്ആര്‍ടിസിയുടെ ചെയിന്‍ സര്‍വീസ് ഉപയോഗപ്പെടത്തിയാവും തീര്‍ഥാടകരെ പമ്പയില്‍ എത്തിക്കുക. കെഎസ്ആര്‍ടി സ്റ്റാന്റില്‍ നിന്നും കൂപ്പ് റോഡ് വഴി ഹില്‍ടോപ്പിലൂടെ വണ്‍വേ സംവിധാനം നടപ്പിലാക്കും.
വെള്ളപ്പാച്ചിലില്‍ കേട് പറ്റിയ കുടിവെള്ള സംവിധാനം പരിഹരിക്കുന്നത് വരെ താത്കാലിക സംവിധാനം ഒരുക്കും. ശബരിമലയിലേക്കുള്ള വൈദ്യുത വിതരണം പുനസ്ഥാപിക്കുന്നതിന് ടവറുകള്‍ സ്ഥാപിക്കാനും വൈദ്യുതി എത്തിക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കും. ചാലക്കയം -പമ്പാ റോഡ് ദേവസ്വം ബോര്‍ഡ് അറ്റകുറ്റപണി നടത്തി ഗതാഗത യോഗ്യമാക്കും. റോഡില്‍  അപകടകരമായ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റാന്‍ വനം വകുപ്പ് നടപടി എടുക്കും. റോഡുകളില്‍ വെള്ളപ്പാച്ചില്‍ മൂലം ബലക്ഷയം സംഭവിച്ചിട്ടുണ്ടോ എന്നു പരിശോധിക്കാനും സുരക്ഷിതത്വം ഉറപ്പാക്കാനുമായി സര്‍വേ നടത്തും. പമ്പയില്‍ നിലവിലുള്ള കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ച് ബലപ്പെടുത്തുമെന്നും ജില്ലാ ഭരണകൂടം ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിന്റെ അധ്യക്ഷതയില്‍ പമ്പയില്‍ ചേര്‍ന്ന യോഗത്തില്‍ ആന്റോ ആന്റണി എം.പി, രാജു എബ്രഹാം എംഎല്‍എ, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ കെ.രാഘവന്‍, കെ.പി.ശങ്കരദാസ് ,ആര്‍മി മേജര്‍ ആശിഷ് ഉപാധ്യായ, ദേവസ്വം കമ്മീഷണര്‍ എന്‍.വാസു, ജില്ലാ പൊലീസ് മേധാവി ടി നാരായണന്‍, എഡിഎം പി.റ്റി.എബ്രഹാം, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അവലോകന യോഗ തീരുമാനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ 15 ദിവസം കഴിയുമ്പോള്‍ വീണ്ടും യോഗം വിളിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.