ശുചീകരണപ്രവര്‍ത്തനത്തിനിടെ മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പ്രത്യേകശ്രദ്ധ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
അഴുകിയ മാലിന്യങ്ങളെ വേര്‍തിരിച്ച് സ്വന്തംസ്ഥലത്തുതന്നെ സംസ്‌കരിക്കണം. ചെളിയും മണ്ണും പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും തള്ളാതെ ഒരിടത്തു സൂക്ഷിച്ചാല്‍ പുനര്‍നിര്‍മാണത്തിന് ഉപയോഗപ്പെടും. പഞ്ചായത്തുതലത്തില്‍ ഇതിന് സംവിധാനം വേണം.
പ്ലാസ്റ്റിക്, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, അപകടകരമായ മറ്റു വസ്തുക്കള്‍ തുടങ്ങിയ അഴുകാത്ത മാലിന്യങ്ങള്‍ ജലാശയത്തിലോ പൊതുസ്ഥലങ്ങളിലോ നിക്ഷേപിക്കരുത്. പുനഃചംക്രമണം ചെയ്യാന്‍ കഴിയുന്നവ ഏറ്റെടുക്കാന്‍ ഏജന്‍സികള്‍ക്ക് നല്‍കുന്നതിന് ശ്രദ്ധിക്കണം.
ഇത്തരം വസ്തുക്കള്‍ സംസ്‌കരിക്കുന്നതിന് ഏജന്‍സികളെ ഏല്‍പ്പിക്കുന്നതിന് അല്‍പ്പം സമയം വേണ്ടിവന്നേക്കാം. അതുവരെ ഇവ ശേഖരിച്ച് സൂക്ഷിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ താല്‍ക്കാലിക സംവിധാനങ്ങളുണ്ടാക്കണം. പുനഃചക്രമണം നടത്താന്‍ കഴിയുന്നതും നടത്താന്‍ കഴിയാത്തതുമായ അജൈവമാലിന്യങ്ങള്‍ ഏറ്റെടുത്ത് വിവിധ ഏജന്‍സികള്‍ വഴി അവയെ സംസ്‌കരിക്കുന്നതിനുള്ള ചുമതല ക്ലീന്‍ കേരള കമ്പനിക്കായിരിക്കും. ശുചീകരണപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ ഇത്തരം സാധനങ്ങള്‍ പ്രത്യേകമായി തരംതിരിച്ച് സൂക്ഷിക്കണം. ശരിയായ ശുചീകരണം നടത്തിയില്ലെങ്കില്‍ ഭാവിയില്‍ ഗുരുതരപ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് മനസിലാക്കണം പ്രവര്‍ത്തനങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദഗ്ദ്ധരായ തൊഴിലാളികളുടെ സഹായം പുനരധിവാസത്തിന് ഒഴിച്ചുകൂടാനാവാത്തതാണ്. ഈരംഗത്ത് പ്രവര്‍ത്തിക്കുന്ന തൊഴിലാളി സംഘടനകള്‍ക്ക് ഇക്കാര്യത്തില്‍ സജീവമായി ഇടപെടാന്‍ കഴിയണം. പ്രാദേശികതലത്തില്‍ ഇത്തരം സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.