ചെറുകിട വ്യവസായങ്ങള്‍, കച്ചവടസ്ഥാപനങ്ങള്‍ എന്നിവ ഇല്ലാതായവര്‍ക്ക് പലിശയില്ലാതെ പത്തുലക്ഷം രൂപ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
കാര്‍ഷിക കടങ്ങള്‍ക്ക് സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. കൃഷി പുനരാരംഭിക്കുന്നതിന് ആവശ്യമായ സഹായങ്ങളെക്കുറിച്ചും ആലോചിക്കുന്നുണ്ട്. പലിശരഹിതമായും സബ്സിഡിയായും ഈ മേഖലയില്‍ ഇടപെടുന്നത് ഗൗരവമായി ആലോചിക്കും. മൃഗങ്ങള്‍ക്ക് ഭക്ഷണം ഉറപ്പ് വരുത്താനുള്ള തീരുമാനവും എടുത്തിട്ടുണ്ട്.
വ്യവസായ സ്ഥാപനങ്ങളുടെ പുനരുജ്ജീവനത്തിനുള്ള സഹായങ്ങള്‍ നല്‍കുന്ന കാര്യവും സര്‍ക്കാര്‍ ആലോചിക്കും. പരമ്പരാഗത വ്യവസായ മേഖലയ്ക്കും തിരിച്ചടിയുണ്ടായിട്ടുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നതിന് സര്‍ക്കാര്‍ പദ്ധതികള്‍ തയ്യാറാക്കുകയാണ്.
സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച് ചെറുകിട വ്യവസായങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയുടെ നിലവിലുള്ള വായ്പാ തിരിച്ചടവിന് ഒരു വര്‍ഷം മുതല്‍ ഒന്നരവര്‍ഷം വരെ മൊറട്ടോറിയം സംസ്ഥാനതല ബാങ്കിംഗ് കമ്മിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രവര്‍ത്തന മൂലധന വായ്പ പുനഃക്രമീകരിക്കും. ഇത്തരം സ്ഥാപനങ്ങള്‍ക്ക് മാര്‍ജിന്‍ മണി കൂടാതെ പുതിയ ലോണുകള്‍ ആവശ്യാനുസരണം ലഭ്യമാക്കും. ഭവനവായ്പകള്‍ക്കും ഒരു വര്‍ഷത്തെ മൊറട്ടോറിയവും വീട് പുനര്‍നിര്‍മ്മിക്കുന്നതിനും റിപ്പയര്‍ ചെയ്യുന്നതിനും അധിക ഭവനവായ്പ നല്‍കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
അഞ്ചുലക്ഷം രൂപ വരെ എടുക്കുന്ന അധികലോണുകള്‍ക്ക് മാര്‍ജിന്‍ മണി ഉണ്ടാകില്ല. കാര്‍ഷിക വായ്പകള്‍ പുനഃക്രമീകരിക്കാന്‍ നേരത്തേതന്നെ തീരുമാനം എടുത്തിരുന്നു.
വാഹനങ്ങള്‍ വെള്ളത്തില്‍ കിടക്കുന്നതു മൂലം വലിയതോതില്‍ മാലിന്യംപടരുന്ന സ്ഥിതിയും വാഹനങ്ങള്‍ കേടാകുന്ന സ്ഥിതിയും പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. വാഹനങ്ങളുടെ ഇന്‍ഷ്വറന്‍സ് തുക ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തും.
സ്വകാര്യ പണിമിടപാട് സ്ഥാപനക്കാര്‍ ദുരിതബാധിത പ്രദേശങ്ങളില്‍നിന്ന് പണം പിരിച്ചെടുക്കുന്നത് അടിയന്തരമായി അവസാനിപ്പിക്കുന്നതിനുള്ള ഇടപെടല്‍ സര്‍ക്കാര്‍ നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രളയബാധിത പ്രദേശങ്ങളില്‍ സ്‌കൂളുകളിലേക്ക് കുട്ടികള്‍ എത്തുന്ന വഴികള്‍ തകര്‍ന്നത് ശരിയാക്കാന്‍ ഇടപെടല്‍ നടത്താന്‍ പി.ടി.എകളും പൂര്‍വവിദ്യാര്‍ത്ഥികളും യോജിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ പ്രാദേശികതലത്തില്‍ ആസൂത്രണം ചെയ്യണം. തദ്ദേശസ്ഥാപനങ്ങളും ഇക്കാര്യത്തില്‍ ശ്രദ്ധിക്കണം.