ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ മേഖലയില്‍ നിന്നുള്ള സഹായങ്ങള്‍ ലഭിക്കുന്നത് തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
റഷ്യ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് സംസ്ഥാനത്തിന്റെ ഇടപെടലുകളെ അഭിനന്ദിച്ച് കത്തുകള്‍ ലഭിച്ചിട്ടുണ്ട്. സുപ്രീംകോടതി രജിസ്ട്രാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത് സുപ്രീംകോടതി ജീവനക്കാര്‍ കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നുണ്ടെങ്കില്‍ അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായിരിക്കണമെന്നാണ്. ഇതിനുള്ള നന്ദി രേഖപ്പെടുത്തുന്നു. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ സാധാരണ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് നല്‍കാറുള്ളത് എന്നതിനാലാണ് ഇങ്ങനെ നിര്‍ദേശിച്ചത്.
തിരുവോണ ദിവസവും മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തനം എല്ലാ ദിവസത്തെയുമെന്നപോലെ നടക്കും. ദുരിതാശ്വാസവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സവുമില്ലാത്തവിധം ഓഫീസുകളുടെ പ്രവര്‍ത്തനം നടത്തണമെന്ന തീരുമാനവും സര്‍ക്കാര്‍ എടുത്തിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കഴിഞ്ഞദിവസം വൈകുന്നേരം വരെയുള്ള കണക്കുകള്‍ പ്രകാരം 535 കോടി രൂപ ലഭിച്ചിട്ടുണ്ട്.
പൊതുമേഖലാസ്ഥാപനങ്ങളും പ്രളയക്കെടുതിയില്‍ നമ്മെ സഹായിക്കാന്‍ മുന്നോട്ടുവരുന്നു. ഭാരത് പെട്രോളിയം 25 കോടി രൂപ സംഭാവന നല്‍കി. ഇന്ത്യന്‍ ബാങ്ക് നാലുകോടി രൂപയും നല്‍കി.
വഴിയില്‍ ആളുകളെ തടഞ്ഞു അനധികൃതമായി നടത്തുന്ന പിരിവുകള്‍ നിരുത്സാഹപ്പെടുത്തുന്നതിന് കര്‍ശനനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യു.എ.ഇ യില്‍ നിന്നുള്ള സഹായം സംബന്ധിച്ച് യു.എ.ഇ ഭരണാധികാരിയാണ് പ്രധാനമന്ത്രിയെ വിവരം അറിയിച്ചത്. അത് പ്രധാനമന്ത്രി ട്വിറ്ററിലൂടെ പ്രധാനമന്ത്രി സ്ഥിരീകരിച്ചിട്ടുമുണ്ടെന്ന് ഒരു ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.